'സർക്കാരിന് ലഹരിവിരുദ്ധ ക്യാംപയിന്‍,പാർട്ടി നേതാക്കൾക്ക് ലഹരിക്കടത്ത്,ലഹരിമാഫിയക്ക് അഴിഞ്ഞാടാൻ സർക്കാർ സഹായം'

By Web TeamFirst Published Jan 11, 2023, 4:44 PM IST
Highlights

സംസ്ഥാനത്ത് ലഹരി ക്വട്ടേഷന്‍ സംഘങ്ങൾ പ്രവർത്തിക്കുന്നത് സർക്കാരിൻ്റെ തണലിലാണ്.അടി മുതൽ മുടി വരെ ,സിപിഎം മാഫിയകളുടെ പിടിയിലാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ലഹരിമാഫിയക്ക് അഴിഞ്ഞാടാൻ സർക്കാർ സഹായമൊരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.. സിപിഎമ്മിൻ്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളയാളാണ് നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷാനവാസെന്നും അദ്ദേഹം പറഞ്ഞു. ഇയാൾ കൊട്ടേഷൻ - ലഹരിമാഫിയകളുടെ തലവനാണ്. സജി ചെറിയാൻ്റെ അടുത്ത ആളായ ഷാനവാസ് സ്വന്തം വാഹനത്തിൽ ലഹരിവസ്തുക്കൾ കടത്തിയിട്ടും മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പേരിനെങ്കിലും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായത്. സംസ്ഥാനത്ത് ലഹരി - കൊട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നത് സർക്കാരിൻ്റെ തണലിലാണ്. സർക്കാർ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തിക്കൊണ്ടിരിക്കെയാണ് പാർട്ടി നേതാക്കൾ ലഹരിക്കടത്ത് നടത്തുന്നത്. കേരളത്തിൽ നിയമവാഴ്ച പൂർണമായും തകർന്നുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.

കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക സമാഹരണമാണ് ആലപ്പുഴയിൽ കൗൺസിലറും സംഘവും നടത്തിയിട്ടുള്ളത്. കൊട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ലഹരി കടത്തുക, വസ്തു തർക്കങ്ങൾ പരിഹരിക്കാൻ കൊട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുക, പാർട്ടി പിടിക്കാൻ കൊട്ടേഷൻ എടുക്കുക എന്നിവയൊക്കെയാണ് ഷാനവാസിന്‍റെ  ജോലി. വലിയ ഒരു മാഫിയ സംഘമാണ് ഇയാളുടെ നേതൃത്വത്തിൽ അഴിഞ്ഞാടുന്നത്. സജി ചെറിയാനും സിപിഎം ഉന്നത നേതാക്കളുമാണ് ഷാനവാസിനെ സംരക്ഷിക്കുന്നത്.

തട്ടിപ്പുകാരൻ പ്രവീൺ റാണയെ സംരക്ഷിക്കുന്നതും ഇടത് സർക്കാരാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. പൊലീസ് സഹായത്തോടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇപി ജയരാജനെതിരായ അഴിമതി കേസിലും അന്വേഷണം എവിടെയുമെത്തിയില്ല. അടി മുതൽ മുടി വരെ സിപിഎം മാഫിയകളുടെ പിടിയിലാണ്. ഇതെല്ലാം മറിച്ചുപിടിക്കാനാണ് കലോത്സവത്തിൽ വിവാദമുണ്ടാക്കാൻ മന്ത്രിമാർ നേരിട്ടിറങ്ങുന്നത്. സൈനികരെ അനുസ്മരിച്ചതിൻ്റെ പേരിൽ സ്വാഗതഗാനത്തെ വിലക്കുകയാണ് സർക്കാർ. മന്ത്രിമാർ ചെയ്യേണ്ട ജോലി ചെയ്യാതെ വിവാദങ്ങളുണ്ടാക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
 

click me!