കെറെയിലില്‍ കേരളത്തിന്‍റെ പിടിവാശിക്കൊപ്പം കേന്ദ്രസർക്കാരെന്ന് ആക്ഷേപം, നവംബർ13 ന് എറണാകുളത്ത് പ്രതിഷേധ സംഗമം

Published : Nov 03, 2024, 06:41 PM IST
കെറെയിലില്‍ കേരളത്തിന്‍റെ  പിടിവാശിക്കൊപ്പം കേന്ദ്രസർക്കാരെന്ന് ആക്ഷേപം, നവംബർ13 ന് എറണാകുളത്ത് പ്രതിഷേധ സംഗമം

Synopsis

സംസ്ഥാന സർക്കാരിന്‍രെ  പിടിവാശിക്കൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നതിന്‍റെ  സൂചനയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി  കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ആദ്യഘട്ടമായി നവംബർ 13 ന് എറണാകുളത്ത് പ്രതിരോധ സംഗമവും പ്രതിഷേധപ്രകടനവും നടത്തും.

പദ്ധതി നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 6 ന് കേന്ദ്ര റെയിൽവേ മന്ത്രിക്ക് അലൈൻമെന്റ് പ്രദേശത്തെ 25,000 ജനങ്ങളും പാർലമെൻറ് അംഗങ്ങളും  ഒപ്പിട്ട വിശദമായ നിവേദനം നൽകിയിരുന്നു. സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് തന്നെ തടസ്സമാകുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പദ്ധതിക്കായി റെയിൽവേ ഭൂമി വിട്ടു നൽകരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. വീണ്ടും സംസ്ഥാന സർക്കാരിൻറെ പിടിവാശിക്കൊപ്പം നിൽക്കാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നതിന്റെ സൂചനയാണ് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ പദ്ധതിയുമായി മുന്നോട്ടു പോകും എന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്.

 ആലുവ മുനിസിപ്പൽ അംബേദ്ക്കർ ഹാളിൽ നടക്കുന്ന പ്രതിരോധ സംഗമം ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്യും. പദ്ധതി നടപ്പിലായാൽ കേരളത്തിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ ശാസ്ത്ര സാഹിത്യപരിഷത്തിൻ്റെ സിൽവർ ലൈൻ പഠന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി നടക്കുന്ന സെമിനാറിൽ പരിസ്ഥിതി പ്രവർത്തകൻ ഡോ. ശ്രീധർ രാധാകൃഷ്ണൻ വിഷയാവതരണം നടത്തും.

കേരളത്തിലെ റെയിൽവേ യാത്രാ ദുരിതം അതിവേഗ ട്രെയിനുകൾ കൊണ്ടോ ആഡംബര യാത്ര കൊണ്ടോ പരിഹരിക്കാവുന്നതല്ല. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് കെ റെയിൽ സിൽവർ ലൈൻ എന്ന അതിസമ്പന്നർക്കായി തയ്യാറാക്കുന്ന പദ്ധതി പരിഹാരമാവില്ല എന്നും സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ്, ജനറൽ കൺവീനർ എസ് രാജീവൻ എന്നിവർ പറഞ്ഞു. കേന്ദ്ര അനുമതിയുമായി സിൽവർ ലൈൻ നടപ്പിലാക്കാൻ വന്നാൽ ജനങ്ങൾ ചെറുത്തു പരാജയപ്പെടുത്തുമെന്നും തീക്കൊള്ളി കൊണ്ടു തല ചൊറിയാതിരിക്കുന്ന താണ് നല്ലതെന്നും സിൽവർലൈൻ അനുകൂലികൾക്ക് വോട്ടില്ല എന്ന മുൻ നിലപാട് തന്നെയാണ് സമിതി ഈ ഉപകരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത് എന്നും അവർ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം