
കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസിൽ എത്തി അറസ്റ്റ് ചെയ്തത്. ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആൻ്റോയെ വയനാട്ടിൽ എത്തിക്കുമെന്ന് എക്സൈസ് എസി അറിയിച്ചു. കോടതിയിൽ ഹാജരാക്കുമെന്നും നിലവിൽ ആന്റോ മാത്രം ആണ് പ്രതിയെന്നും അദ്ദേഹം പറഞ്ഞു. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സസൈസ് ആൻ്റോ ആഗസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്. 58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്.
അറസ്റ്റിനിടെ നാടകീയ രംഗങ്ങളാണ് ഉണ്ടായത്. എഫ്ഐആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നായിരുന്നു ആന്റോയുടെ നിലപാട്. എഫ്ഐആർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ ആണ് എഫ്ഐആർ കോപ്പിയുമായി എത്തിയത്.
ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്‌സൈസ് നടപടി. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയിൽ നിന്ന് ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസിൽ എത്തിയത്. 20 മണിക്കൂർ നീണ്ട റെയ്ഡിൽ എസ്ഐടി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയിൽ എടുത്തു. 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam