Anupama: കുഞ്ഞിന്റെ ദത്ത് വിഷയത്തിൽ സിഡബ്ല്യുസിക്കും ശിശുക്ഷേമ സമിതിക്കുമുണ്ടായത് വൻ വീഴ്ച, തെളിവ് പുറത്ത്

By Web TeamFirst Published Nov 24, 2021, 10:22 AM IST
Highlights

കണ്ടെത്തലുകൾ അനുസരിച്ച് ഷിജുഖാൻ അടക്കം കുരുങ്ങും. ഷിജുഖാന്‍റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കേണ്ടിവരും. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം CWCയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്നും വ്യക്തമാണ്. 

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്.സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വൻ വീഴ്ചയാണ്. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു. വീഴ്ചകൾ തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ആ പാവം ദമ്പതികളുടെ വേദനയ്ക്ക് ഉത്തരവാദി ആരാണ്? ആന്ധ്രാദമ്പതികളുടെ കണ്ണീരിനും ഉത്തരവാദി ഷിജു ഖാന്‍ നേതൃത്വം നല്‍കുന്ന ശിശുക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നൽകുന്ന സിഡബ്ല്യുസിയും ആണെന്ന് വകുപ്പുതല അന്വേഷണത്തിലും തെളിഞ്ഞിരിക്കുന്നു. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ സമർപ്പിക്കുന്ന ഈ റിപ്പോർട്ടിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യുസിക്കും ഉണ്ടായ വീഴ്ചകൾ അക്കമിട്ട് പറയുന്നു. 

വീഴ്ച 1: അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തൽ നടപടികളിലേക്ക് കടന്നു

വീഴ്ച 2: ഏപ്രില്‍ 22ന് സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ല

വീഴ്ച 3: അനുപമയുമായുള്ള  സിറ്റിങ്ങിന് ശേഷവും സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല

വീഴ്ചകൾ തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ വകുപ്പുതല അന്വേഷണത്തില്‍ കിട്ടി

അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ. കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ എൻ സുനന്ദ. ഇവരെല്ലാം കുറ്റാരോപിതരാണ്. കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ  നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും എതിരെ നാല് മാസം അനങ്ങാതിരുന്ന പേരൂർക്കട പൊലീസിനും ഒഴിഞ്ഞുമാറാൻ ആകില്ല. 

അനുപമ തന്‍റെ കുഞ്ഞിനെ അന്വേഷിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവുമായി ശിശുക്ഷേമ സമതിയിലെത്തിയത് ദത്ത് കൊടുത്ത് നാലാം ദിവസമാണ്, അമ്മ അവകാശ വാദം ഉന്നയിക്കുമ്പോള്‍ അപ്പോള്‍ തന്നെ അഡോപ്ഷന്‍ കമ്മിറ്റി ചേര്‍ന്ന് ആന്ധ്രാ ദമ്പതികളോട് കുട്ടിയെ തിരിച്ചെത്തിക്കാന്‍ പറയേണ്ടതായിരുന്നു. ആഗസ്റ്റ്  ഏഴിനാണ് അനുപമയുടെ കുഞ്ഞിനെ ആന്ധ്രാദമ്പതികള്‍ക്ക് ദത്ത് നല്‍കിയത്. 

ആഗസ്റ്റ് 11 ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഉത്തരവുമായി അനുപമ ശിശുക്ഷേമ സമിതിയിലെത്തി. ഒക്ടോബര്‍ 22ന് ആണ് തന്‍റെ കുഞ്ഞിനെ തട്ടിപ്പറിച്ച് കൊണ്ടുപോകുന്നതെന്നും അന്ന് രാത്രി 12.30 ന് കിട്ടിയ കുഞ്ഞായിരിക്കും തന്‍റേതെന്ന് അനുപമ അറിയിക്കുന്നു. ശിശുക്ഷേമ സമിതിയിലെത്തിയ അനുപമയ്ക്ക് ഒക്ടോബര്‍ 23 ന് കിട്ടിയ രണ്ടാമത്തെ കുട്ടിയെ കാണിച്ച് കൊടുക്കുന്നു. ഒക്ടോബര്‍ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് ദത്ത് പോയെന്നും ഇനി ഒന്നും ചെയ്യാനാവില്ലെന്നും ശിശുക്ഷേമ സമിതി അനുപമയെ അറിയിക്കുന്നു.  അനുപമ എത്തിയ ശേഷമാണ് ദത്ത് സ്ഥിരപ്പെടുത്താനുള്ള കോടതിയിലേക്കുളള ഹര്‍ജി ശിശുക്ഷേമ സമിതി കുടുംബ കോടതിയില്‍ ഫയല്‍ ചെയ്യുന്നത്. അതും അനുപമയെത്തി ആറ് ദിവസത്തിന് ശേഷം ആഗസ്ത് 16 ന്

കോടതിയില്‍ നിന്നും ശിശുക്ഷേമ സമിതിയില്‍ നിന്നുമുള്ള ഈ നിര്‍ണായക രേഖകള്‍ വകുപ്പു തല അന്വേഷണത്തില്‍ കിട്ടി. ഒക്ടോബര്‍ 22 ന് രാത്രി വൈകി കിട്ടിയ കുഞ്ഞ് അനുപമയുടേതാണെന്നറിഞ്ഞിട്ടും ആന്ധ്രാ ദമ്പതികളെ അറിയിച്ച് തിരിച്ച് കൊണ്ട് വന്ന് ഡിഎന്‍എ പരിശോധന നടത്തുന്നതിന് പകരം ദത്ത് സ്ഥിരപ്പെടുത്താനുളള കോടതി നടപടിയിലേക്ക് ശിശുക്ഷേമ സമിതി കടക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ അവകാശ വാദമുന്നയിച്ച സമയത്ത് ദത്ത് ഹര്‍ജി കോടതിയില്‍ എത്തിയില്ല എന്നതിന്‍റെ തെളിവുകള്‍ ഷിജുഖാന് കുരുക്കാകും. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമതിയിലും തൈക്കാട് ആശുപത്രിയിലും പെണ്‍കുഞ്ഞാക്കിയതും വലിയ വീഴ്ചയാണുണ്ടായത്. 

പത്രപ്പരസ്യം കണ്ട ശേഷം അജിത്ത് പല തവണ ഷിജുഖാനെ കണ്ടെങ്കിലും രേഖകളിൽ അതില്ല. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം ചുരണ്ടി മാറ്റിയ നിലയിലാണ്.

അനുപമയുടെ കുഞ്ഞിനെ തന്നെയാണ് ആന്ധ്രാ ദമ്പതികള്‍ക്ക് കൈമാറിയത് എന്ന ക്രിമിനല്‍ ഗൂഢാലോചന പുറത്തുവരണമെങ്കില്‍ വകുപ്പ് തല അന്വേഷണം മതിയാവില്ലെന്ന് വിലയിരുത്തല്‍. ഏപ്രില്‍ 22 ന് സിറ്റിംഗ് നടത്തിയിട്ടും ദത്ത് നടപടി തടയാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടില്ല എന്നതിനും തെളിവുകളുണ്ട്. അനുപമയുടെ 18 മിനുട്ട് സിറ്റിംഗിന് ശേഷം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലീസിനെ പോലും അറിയിച്ചില്ല. ദത്ത് തടയാന്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അറിഞ്ഞിട്ടും ഇടപെട്ടില്ല എന്നതിന്‍റെ തെളിവുകളാണ് വകുപ്പ് തല അന്വേഷണത്തിലൂടെ പുറത്തുവരുന്നത്. 

വനിതാ ശിശു വികസന ഡയറക്ടര്‍ ടിവി അനുപമ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ സര്‍ക്കാരിന് കൈമാറും. അന്വേഷണ റിപ്പോര്‍ട്ടില്‍ ശിശുക്ഷേമ സമിതിക്കെതിരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കെതിരെയും വേറെയും നിരവധി കണ്ടെത്തലുകളുണ്ടെന്ന് സൂചന. ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടു വന്ന അട്ടിമറികള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. പല കാര്യങ്ങളും പുറത്തുവരണമെങ്കില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉണ്ടെന്നാണ് സൂചന. ഈ കണ്ടെത്തലുകൾ അനുസരിച്ച് ഷിജുഖാൻ അടക്കം കുരുങ്ങും. ഷിജുഖാന്‍റെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കേണ്ടിവരും. അമ്മ കുഞ്ഞിനെ തിരയുന്ന വിവരം സിഡബ്ല്യുസിയും ശിശുക്ഷേമ സമിതിയും നേരത്തെ അറിഞ്ഞിരുന്നുവെന്നും വ്യക്തമാണ്. 

click me!