Anupama : കുഞ്ഞിനെ കണ്ടു; വിട്ടിട്ട് പോരുന്നതില്‍ വിഷമമുണ്ടെന്നും അനുപമ

By Web TeamFirst Published Nov 23, 2021, 5:38 PM IST
Highlights

35 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടറുന്ന വാക്കുകളോടെയാണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവായതിന് പിന്നാലെ ശിശുഭവനിലെത്തി അനുപമയും (anupama) അജിത്തും കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ കണ്ടതിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. 35 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടറുന്ന വാക്കുകളോടെയാണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നു. എന്നാലും ഇവിടെ ഉപേക്ഷിച്ച് പോകാനാവില്ലല്ലോ എന്നും അനുപമ പറഞ്ഞു. അതേസമയം, അനുപമയ്ക്കൊപ്പമായിരുന്നു സർക്കാറെന്നും വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.

കുഞ്ഞ് അനുപമയുടെത് എന്ന് ഉറപ്പാകുമ്പോഴും അനധികൃത ദത്തിന് കൂട്ട് നിന്നവർക്കെതിരെ എന്ത് നടപടിയെടുക്കും എന്നതാണ് പ്രധാനം. ദത്ത് നൽകലിൽ ഒരു വീഴ്ചയും ഉണ്ടായില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. എന്നാൽ, അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കുമെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അനുപമ അവകാശവാദം ഉന്നയിച്ചിട്ടും ഇതവഗണിച്ച് ദത്ത് നടപടികൾ തുടർന്ന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, കുഞ്ഞ് ദത്ത് പോകുന്നതിന് മൂന്നര മാസം മുമ്പ് പതിനെട്ട് മിനിട്ട് മാതാപിതാക്കളുടെ സിറ്റിംഗ് നടത്തിയിട്ടും ദത്തിന് കൂട്ടു നിന്ന ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ്‍ അഡ്വ.എൻ സുനന്ദ, കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതി അനുപമ  നൽകിയിട്ടും ജയചന്ദ്രനും കൂട്ടാളികൾക്കും എതിരെ നാല് മാസം അനങ്ങാതിരുന്ന പേരൂർക്കട പൊലീസ്, സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി.കെ ശ്രീമതി അനുപമക്കായി നേരിട്ട് ഇടപെട്ടിട്ടും മുഖംതിരിച്ച മുഖ്യമന്ത്രിയുടെ ഓഫീസും പാർട്ടി നേതൃത്വവും അടക്കം കുഞ്ഞിനെ പെറ്റമ്മയിൽ നിന്നും അകറ്റാൻ നേരിട്ടും അല്ലാതെയും കൂട്ടുനനിന്നവരുടെ പട്ടിക നീണ്ടതാണ്.

ഏറ്റവും ഗൗരവതരം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യുസി ചെയർമാൻ സുനന്ദക്കും എതിരെ ഉയർന്ന പരാതികളാണ്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളുടെ ദുഖത്തിനും വേദനക്കും കൂടി  ഈ വീഴ്ചകൾ കാരണമായി. എല്ലാം പുറത്തുവന്നിട്ടും കുഞ്ഞ് അനുപമയുടെത് എന്ന് തെളിഞ്ഞിട്ടും ഷിജുഖാനും, സുനന്ദക്കും, പൊലീസിനും ഒന്നും സംഭവിച്ചില്ല. അനുപമക്ക് ഒപ്പമെന്ന് മന്ത്രി വീണാജോർജ്ജ് ആവർത്തിക്കുമ്പോഴും വിവാദ ദത്ത് നടപടികളിലെ വില്ലൻമാർക്ക് കിട്ടുന്ന സംരക്ഷണത്തിലാണ്  സർക്കാരിന്‍റെ ആത്മാർത്ഥ ചോദ്യം ചെയ്യപ്പെടുന്നത്. ഒന്നരമാസമായി പൊതുസമൂഹം ചർച്ചചെയ്യുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിശബ്ദതയിലും ശബ്ദിക്കുന്നത് ഇതെ ചോദ്യങ്ങളാണ്.

 

click me!