അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടണം, നടന്നത് മനുഷ്യത്വരഹിതമായ കാര്യങ്ങൾ; ആഞ്ഞടിച്ച് ബൃന്ദ കാരാട്ട്

By Web TeamFirst Published Oct 23, 2021, 12:11 PM IST
Highlights

ബൃന്ദ കാരാട്ട് വഴിയാണ് പി കെ ശ്രീമതി അനുപമയുടെ വിഷയം അറിയുന്നതും ഇടപെടുന്നതും. ഇക്കാര്യം ശ്രീമതി തന്നെ ന്യൂസ് അവറിലും ഇന്ന് രാവിലെ മാധ്യമങ്ങളോടും സ്ഥിരീകരിച്ചതാണ്. ബൃന്ദാ കാരാട്ട് തന്നെ പിന്തുണച്ചുവെന്ന് അനുപമയും പറഞ്ഞിരുന്നു

ദില്ലി: അനുപമയുടെ വിഷയത്തിൽ ആഞ്ഞടിച്ച് സിപിഎമ്മിന്റെ മുതിർന്ന വനിതാ നേതാവ് ബൃന്ദ കാരാട്ട് (Brinda Karat). ഏത് സാഹചര്യത്തിലാണെങ്കിലും നടന്നത് മനുഷ്യത്വരഹിതമായ പ്രവർത്തിയാണ്. അനുമപയ്ക്കും കുട്ടിയെ ദത്തെടുത്ത അമ്മയ്ക്കും ഇത് ദുഖകരമാണ് അനുപമയ്ക്ക് (anupama) കുട്ടിയെ തിരിച്ചു കിട്ടണം. ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. 

വിഷയത്തില്‍ സിപിഎം സംസ്ഥാനനേതൃത്വത്തെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാകാരാട്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ അറിയിച്ചിട്ടും ബന്ധപ്പെട്ടവരാരും ഇടപെടാത്തതിലുള്ള പ്രതിഷേധം ബൃന്ദാകാരാട്ട് പരസ്യമാക്കി. അനുപമക്ക് നീതി ലഭ്യമാക്കുന്നതില്‍ താന്‍ തോറ്റുപോയെന്ന പികെ ശ്രീമതിയുടെ തുറന്ന് പറച്ചിലിന് പിന്നാലെ മനുഷ്യത്വരഹിതമായ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന ചോദ്യമാണ് ബൃന്ദാകാരാട്ട് ഉയര്‍ത്തുന്നത്. അനുപമ വിഷയം പ്രത്യേകം പരിശോധിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന നേതൃത്വം.

അനുപമയുടെ പരാതി കിട്ടിയയുടന്‍ ബൃന്ദാകാരാട്ട് വിഷയത്തിലിടപെടാ‍ന്‍ പികെ ശ്രീമതിയെ ചുമതലപ്പെടുത്തിയിരുന്നു. പൊലീസ് കേസെടുത്തിട്ടില്ലെന്നറിഞ്ഞതോടെ ഇത് ഗൗരവമായ വിഷയമാണെന്നും അനുപമയ്ക്ക് നീതി കൊടുക്കണമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനോട് പി കെ ശ്രീമതി നേരിട്ടാവശ്യപ്പെട്ടു. മുന്‍മന്ത്രിയും മുന്‍ എംപിയും കേന്ദ്രകമ്മിറ്റിയംഗവുമായ മുതിര്‍ന്ന വനിതാനേതാവ് ആവശ്യപ്പെട്ട വിഷയമായിട്ട് കൂടി താരതമ്യേന ജൂനിയറായ പുത്തലത്ത് ദിനേശന്‍ കേട്ടില്ല. 

പേരൂര്‍ക്കട പോലീസിനെ കൊണ്ട് ഒരു എഫ്ഐആര്‍ എടുപ്പിക്കാന്‍ പോലും ആരും ഇടപെട്ടില്ല. പോളിറ്റ്ബ്യൂറോ അംഗമായ ബൃന്ദാകാരാട്ടിൻ്റെ ആവശ്യം പോലും തള്ളിക്കളയാന്‍ പാകത്തില്‍ ആരാണിടപെട്ടതെന്ന ചോദ്യമായിരിക്കും പാര്‍ട്ടിയില്‍ ഇനി ഉയരുക കേന്ദ്രകമ്മിറ്റിയോഗത്തിനായി മുഖ്യമന്ത്രിയടക്കം നേതാക്കളെല്ലാം ദില്ലിയിലുള്ളപ്പോളാണ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായൊരു വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തെ തള്ളി ബ‍ൃന്ദാകാരാട്ട് സംസാരിക്കുന്നത്. 

നടന്നത് നീതി നിഷേധമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബൃന്ദകാരാട്ട്. അമ്മയിൽ നിന്ന് ബലമായി കുട്ടിയെ മാറ്റിയത് കുറ്റകരമാണ്. മനുഷ്യത്വ രഹിതമാണ്. ബൃന്ദ കാരാട്ട് വഴിയാണ് പി കെ ശ്രീമതി അനുപമയുടെ വിഷയം അറിയുന്നതും ഇടപെടുന്നതും. ഇക്കാര്യം ശ്രീമതി തന്നെ ന്യൂസ് അവറിലും ഇന്ന് രാവിലെ മാധ്യമങ്ങളോടും സ്ഥിരീകരിച്ചതാണ്. ബൃന്ദാ കാരാട്ട് തന്നെ പിന്തുണച്ചുവെന്ന് അനുപമയും പറഞ്ഞിരുന്നു.

അനുപമക്ക് നീതി കിട്ടാനായി നിയമസഹായമടക്കം എല്ലാം പാര്‍ട്ടി ചെയ്യുമെന്ന് വിജയരാഘവനും മറ്റ്  നേതാക്കളും വ്യക്തമാക്കി കഴിഞ്ഞു. ഒപ്പം ഈ വിഷയത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന അന്വേഷണവും നടത്തിയേക്കും. അടുത്ത സമയത്ത് പാര്‍ട്ടിക്ക് ഏറ്റവും കളങ്കമുണ്ടാക്കിയ വിഷയയമെന്ന വിലയിരുത്തലാണ് പല നേതാക്കള്‍ക്കുമുള്ളത്. ഏത് സാഹചര്യത്തിലും കുഞ്ഞിന്‍റെ അമ്മക്കൊപ്പം നില്‍ക്കേണ്ട പാര്‍ട്ടി എങ്ങനെ അനുപമയുടെ അച്ഛനെ സഹായിച്ചെന്ന ചോദ്യം പ്രസക്തമാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയം പ്രത്യേകം പരിശോധിക്കുമെന്നാണറിയുന്നത്.

click me!