ഒപ്പം നിന്നവർക്ക് നന്ദി, കുഞ്ഞിനെ കിട്ടുമെന്ന് വിശ്വാസമുണ്ട്: കോടതി നടപടി സ്വാഗതം ചെയ്ത് അനുപമ

By Web TeamFirst Published Oct 25, 2021, 1:22 PM IST
Highlights

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ ദുഖമുണ്ട്. സത്യം മനസ്സിലാക്കാൻ സാധിക്കുന്നവർ മനസ്സിലാക്കുക എന്നേ പറയാനുള്ളൂ

തിരുവനന്തപുരം: തൻ്റെ കുഞ്ഞിനെ ദത്ത് നൽകിയ ശിശുക്ഷേസമിതിയുടെ (Child Welfare Committee) നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട വഞ്ചിയൂർ കുടുംബക്കോടതിയുടെ (Vanchiyoor Family Court) വിധി സ്വാഗതം ചെയ്ത് അനുപമ (anupama). കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് ഇത്രയും കാലം ജീവിച്ചതെന്നും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടുമെന്ന വിശ്വസമിപ്പോൾ ഉണ്ടെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പിന്തുണയറിയിച്ചിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ സർക്കാർ കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചത് കണ്ടപ്പോൾ സന്തോഷം തോന്നുന്നു അനുപമ കൂട്ടിച്ചേർത്തു. 

അനുപമയുടെ വാക്കുകൾ -  

ഒരുപാട് സന്തോഷമുണ്ട്. ഇത്രയും കാലം എല്ലാം നെഗറ്റീവായ മറുപടികൾ മാത്രമാണ് കേട്ടത്. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. ഇത്രയും കാലം കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ മാത്രമായിരുന്നു ഉണ്ടായത്. ആറ് മാസമായി പരാതിയുമായി പലയിടത്തും കയറിയിറങ്ങുകയായിരുന്നു. പലർക്കും പലതും ചെയ്യാമായിരുന്നു പക്ഷേ ആരും ഒന്നും ചെയ്തില്ല. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ ദുഖമുണ്ട്. സത്യം മനസ്സിലാക്കാൻ സാധിക്കുന്നവർ മനസ്സിലാക്കുക എന്നേ പറയാനുള്ളൂ. സർക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടും എനിക്കൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ കോടതിയിൽ സർക്കാർ പറഞ്ഞ പോലെ പ്രവർത്തിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കുഞ്ഞിനെ തിരിച്ചു കിട്ടുമെന്ന കാര്യത്തിൽ നല്ല പ്രതീക്ഷയുണ്ട്. ഞാൻ അന്ന് കൊടുത്ത പരാതിയിൽ തന്നെ ബന്ധപ്പെട്ടവരും ഉത്തരവാദിത്തപ്പെട്ടവരും നടപടിയെടുത്തിരുന്നെങ്കിൽ എൻ്റെ കുഞ്ഞ് ഇപ്പോ എനിക്കൊപ്പമുണ്ടായിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സൈബർ ഇടങ്ങളിൽ എനിക്കെതിരെ അധിക്ഷേപം നടത്തുന്നവർ ആരാണെന്ന് വ്യക്തമാണ്. അവരെ നിയന്ത്രിക്കാനും ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുമെന്നാണ് എൻ്റെ വിശ്വാസം. 

click me!