അഫീലിന്‍റെ മരണം: കൂടുതല്‍ അന്വേഷണം വേണമെന്ന് അ‍ഞ്ജു ബോബി ജോര്‍ജ്

By Web TeamFirst Published Oct 21, 2019, 5:00 PM IST
Highlights

ഇനി നടക്കുന്ന മത്സരങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധ കാണിയ്ക്കണമെന്നും അഞ്ജു പറഞ്ഞു.

തിരുവനന്തപുരം: സ്കൂള്‍ കായികമേളക്കിടെ ജാവലിന്‍ ത്രോ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിക്കാനിടയായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് ലോങ് ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്.  ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍റെയും അന്താരാഷ്ട്ര വെയ്റ്റ്ലിഫ്റ്റ് ഫെഡറേഷന്‍റെയും  മാനദണ്ഡങ്ങള്‍ അനുസരിച്ച് ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ തുടങ്ങിയ ലോങ് ത്രോ മത്സരങ്ങള്‍ ഒരുമിച്ച് നടത്താന്‍ പാടില്ല.  ഇവിടെ എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അറിയില്ല. അതിനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അഞ്ജുവിന്‍റെ പ്രതികരണം. ഹാമര്‍ ത്രോയും ജാവലിന്‍ ത്രോയും വളരെ അപകടം പിടിച്ച മത്സരങ്ങളാണ്. മത്സരങ്ങള്‍ എങ്ങനെ ഒരുമിച്ച് നടത്തിയെന്നത് വ്യക്തമല്ല. ഒരിക്കല്‍ അന്താരാഷ്ട്ര മത്സരത്തിനിടെ തങ്ങളുടെ ലോങ് ജമ്പ് പിറ്റിലേക്ക് ഹാമര്‍ തെറിച്ചുവന്നെന്നും അന്ന് ഓടിമാറിയെ അഞ്ജു പറഞ്ഞു. ഹാമര്‍ ത്രോ മത്സരം നടക്കുന്നിടത്തേക്ക് ഒഫീഷ്യല്‍സിനല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ല. പക്ഷേ ജാവലിന്‍ ത്രോ മത്സരത്തിന് സഹായിക്കാനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.

ഇതൊരു പാഠമായി എടുക്കണം. വരുന്ന മത്സരങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധ കാണിയ്ക്കണമെന്നും അഞ്ജു പറഞ്ഞു. അഫീലിന്‍റെ നഷ്ടം കായികരംഗത്തിന്‍റെ മൊത്തം നഷ്ടമാണെന്നും അഞ്ജു വ്യക്തമാക്കി. 

click me!