
ശബരിമല: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് നിയുക്ത മേൽശാന്തി ഇ ഡി പ്രസാദ്. ഉണ്ടായ അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുക. സ്വർണ്ണം ഉൾപ്പെടെയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ആ ജാഗ്രത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ശബരിമല മേൽശാന്തിയായി പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ശബരിമലയിൽ മേൽശാന്തിയാവുകയെന്നതെന്നും ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും ഇഡി പ്രസാദ് നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. വൈകാതെ തന്നെ അയ്യപ്പ സന്നിധാനത്തിലേക്ക് എത്തുമെന്നും ഇഡി പ്രസാദ് നമ്പൂതിരി പറഞ്ഞു. മൂന്നാം തവണയാണ് ഇഡി പ്രസാദ് ശബരിമല മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ വരുന്നത്. നേരത്തെ ചോറ്റാനിക്കര മേൽശാന്തിയായിരുന്നു. കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രിയാണ്. മറ്റു നിരവധി ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്.
വിഷയത്തിൽ നിയുക്ത മാളികപ്പുറം മേൽശാന്തി എംജി മനു നമ്പൂതിരിയും പ്രതികരിച്ചു. നിലവിലെ വിവാദങ്ങൾ നമ്മളെ ബാധിക്കുന്നതല്ല. എന്നെ നിയോഗിച്ചിരിക്കുന്നത് പൂജാ കർമ്മങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. വലിയ സന്തോഷമുണ്ടെന്നും ഏറെ നാളത്തെ കാത്തിരിപ്പായിരുന്നുവെന്നും നാലാം തവണ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ശബരിമലയിൽ മേൽശാന്തിയാകണമെന്ന ആഗ്രഹം ബാക്കിയാണെന്നും ഇനിയും അപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.