
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും അടക്കമുള്ള ചടങ്ങുകൾ ഈ വർഷം വിപുലമായി നടത്താൻ തീരുമാനം. സർക്കാർ വകുപ്പുകളുടെയും പള്ളിയോട സേവ സംഘത്തിന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനം. പള്ളിയോടങ്ങളുടെ കടവുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള ജോലികൾ ഉടൻ തുടങ്ങാനും ധാരണയായി.
രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം വള്ളംകളിയും വള്ളസദ്യയും പഴയ പ്രതാപത്തോടെ അതിലും ആവേശത്തോടെ ഇക്കുറി ആറന്മുള പാർത്ഥസാരഥിയുടെ മുന്നിലേക്കെത്തും. വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പമ്പയാറ്റിൽ 52 പള്ളിയോടങ്ങളും ഇക്കൊല്ലം തുഴയെറിയും. സെപ്റ്റംബർ 12 നാണ് ഉതൃട്ടാതി ജലമേള. അടുത്ത മാസം നാലാം തിയതി മുതൽ വള്ളസദ്യ തുടങ്ങും. കൊവിഡിനെ തുടർന്ന് നിലച്ച ആറന്മുളക്കാരുടെ ഹൃദയ താളത്തിന് വീണ്ടും തുടിപ്പേകാൻ സർക്കാർ നിർദേശപ്രകാരം ജില്ലാ ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിലാണ് ധാരണയായത്.
രണ്ട് കൊല്ലം വള്ളകളി നടക്കാതിരുന്നതിനാൽ പമ്പയാറ്റിൽ ആഴം കൂട്ടുന്നത് അടക്കമുള്ള നടപടികൾ നടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ അതിവേഗത്തിൽ മണൽപ്പുറ്റുകൾ നീക്കം ചെയ്യേണ്ടതുണ്ട്. കോഴഞ്ചേരിയിൽ പാലം പണിയാൻ സ്ഥാപിച്ചിട്ടുള്ള തടയണകൾ മാറ്റിയെങ്കിൽ മാത്രമെ കിഴക്കൻ മേഖലയിലെ പള്ളിയോടങ്ങൾക്ക് ആറന്മുളയിലേക്ക് എത്താൻ കഴിയൂ. ഇത്തരം തടസ്സങ്ങളെല്ലാം പരിഹരിക്കാനും അവലോകന യോഗത്തിൽ തീരുമാനമായി. ജില്ലാ ടൂറിസം പ്രമോഷൻ കൊൺസിലിന്റെ സഹായത്തോടെ വള്ളംകളിക്ക് പരമാവധി പ്രചാരണം നൽകും. 2021ൽ മാരമൺ, കോഴഞ്ചേരി, കീഴ്വന്മഴി പള്ളിയോടങ്ങളും 2020ൽ ളാക ഇടയാറൻമുള പള്ളിയോടവും മാത്രമാണ് ആചാരത്തിന്റെ ഭാഗമായി നീറ്റിലിറങ്ങിയത്.
കൊവിഡ് കാലത്തിന് ശേഷം വിപുലമായി നടക്കുന്ന ഉതൃട്ടാതി ജലമേളയിൽ വൻ ജനപങ്കാളിത്തമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇത് മുന്നിൽക്കണ്ട് ആവശ്യമായ മുന്നൊരുക്കൾ നടത്താനും അവലോകന യോഗത്തിൽ ധാരണയായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam