
ദില്ലി: നാല്കോടി വിവിപാറ്റുകൾ ഇതുവരെ എണ്ണിയതിൽ ഒന്നിൽ പോലും പൊരുത്തക്കേട് കണ്ടെത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്നും അമിത സംശയം പാടില്ലെന്നും സുപ്രീംകോടതി നീരീക്ഷിച്ചു. വിവിപ്പാറ്റുകൾ പൂർണ്ണമായും എണ്ണണമെന്ന ഹർജിയിൽ സുപ്രീംകോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി
നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണമെന്ന ഹർജിയിൽ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയിൽ നടന്നത്.നിലവിലെ സംവിധാനത്തെ കുറിച്ച് പലവിധ സംശയങ്ങളും ഉയർന്നിട്ടുണ്ട്. ഇതിൽ വ്യക്തത തേടിയാണ് കോടതിയിൽ എത്തിയതെന്ന് ഹർജിക്കാർ വാദിച്ചു. എന്നാൽ, അമിത സംശയം നല്ലത് അല്ലെന്നും സാങ്കേതിക ഘടകങ്ങൾ മനസിലാക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് കോടതി വാക്കാൽ പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ട്. വോട്ടിംഗ് ശതമാനം കൂടുകയാണ്.
ഇത് ജനങ്ങളുടെ വിശ്വാസത്തിൻറെ തെളിവാണ്. വിദേശത്ത് മാത്രമല്ല ഇന്ത്യയിലും സംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് കോടതി ഹർജിക്കാരെ ഓർമ്മിപ്പിച്ചു. ഹർജിക്കാരെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. വോട്ടർമാരുടെ അവകാശത്തെ ഹർജിക്കാർ തമാശയാക്കി മാറ്റുകയാണ്. വളച്ചൊടിച്ച വാര്‍ത്തകളുമായിട്ടാണ് ഹർജിക്കാർ കോടതിയിൽ എത്തുന്നത്. തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽകുമ്പോഴാണ് ഹര്‍ജിയെന്നും ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ഡാറ്റയിൽ കൃത്യമത്വം നടത്താനാകുമെന്ന് കേസിലെ ഹർജിക്കാരനായ മലയാളി സാബു സ്റ്റീഫൻ വാദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി വിവിപാറ്റിന്‍റെയും വോട്ടിംഗ് യന്ത്രിന്‍റെ സാങ്കേതിക വശങ്ങൾ കോടതിയിൽ നേരിട്ട് വിശദീകരിച്ചു. വാദത്തിനിടെ കോടതിയിൽ നിന്നുണ്ടായ അനൂകൂല നീരിക്ഷണങ്ങൾ ഇവിഎമ്മിനെതിരായ പ്രതിപക്ഷ ആരോപണത്തെ പ്രതിരോധിക്കാൻ കേന്ദ്രത്തിന് സഹായകരമാകും.
അതേസമയം, കാസര്‍കോട്ടെ വിവിപാറ്റ് പ്രശ്നത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറും വിശദീകരണവുമായി രംഗത്തെത്തി.വിവിപാറ്റ് പ്രശ്നത്തിൽ
പരാതി പരിശോധിച്ചുവെന്നും ആരോപണം ഉന്നയിച്ച ഏജന്റുമാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും ഇമ്പശേഖര്‍ പറഞ്ഞു.പ്രശ്നം കണ്ട മെഷീനിൽ പരിശോധന നടത്തി.ആയിരം വോട്ട് ചെയ്തു നോക്കി.പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഏജന്റുമാർ ഒപ്പിട്ട് നൽകിയിട്ടുണ്ട് .എല്ലാ കാര്യങ്ങളും സി സി ടി വി ദൃശ്യങ്ങൾ ഉണ്ടെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam