
ഇടുക്കി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയ വിവേകിനെതിരെ ഇടുക്കി എസ് പിക്ക് പരാതി. പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിവേകിന്റെ പരാമർശം മനപ്പൂർവം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനുമെന്ന് പരാതിയിൽ ആരോപിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ കെ എസ് അരുണാണ് പരാതി നൽകിയത്. വിവേകിന്റെ വാട്ട്സ്ആപ്പ് ശബ്ദ സന്ദേശം വിവാദമായിരുന്നു.
അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം തുടരുകയാണ്. ചിന്നക്കനാൽ സിങ്കുകണ്ടത്തെ രാപ്പകൽ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. അതേസമയം, കോടതി നിയോഗിച്ച വിദഗ്ധ സമിതി, അംഗങ്ങൾ നേരിട്ട് പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സാധ്യത കുറവാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് സിങ്കകണ്ടത്തെ രാപ്പകൽ സമരപ്പന്തലിൽ പ്രതിഷേധിക്കുന്നത്.