സർക്കാരിന് പുതിയ തലവേദന! അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിൽ എതിർപ്പ് ശക്തമാകുന്നു

Published : Apr 05, 2023, 06:46 PM IST
സർക്കാരിന് പുതിയ തലവേദന! അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിൽ എതിർപ്പ് ശക്തമാകുന്നു

Synopsis

കഴിഞ്ഞ ഒരു വർഷത്തോളമായി പറമ്പിക്കുളത്തു നിന്നും ഇറങ്ങി വന്ന 27 ആനകളുടെ നിരന്തരമായ ആക്രമണങ്ങൾ മൂലം 40 ലക്ഷത്തിലധികം കാർഷിക വിളകൾ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ നശിപ്പിക്കപ്പെട്ടുവെന്ന് കർഷകർ പറയുന്നു

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിനെതിരെ എതിർപ്പ് ശക്തമാകുന്നു. നേരത്തേ നെന്മാറ എംഎൽഎ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്ത് നൽകിയിരുന്നു. ഇപ്പോൾ കർഷക സംരക്ഷണ സമിതി വനം വകുപ്പ് ഈ നീക്കത്തിൽ നിന്നും പിന്തിരിയണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായി.

പറമ്പിക്കുളത്ത് 11 ൽ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കർഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. അരിക്കൊമ്പനെന്ന ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തും പരിസര പ്രദേശങ്ങളിലും സമാധാന അന്തരീക്ഷം തകർക്കും. കഴിഞ്ഞ ഒരു വർഷത്തോളമായി പറമ്പിക്കുളത്തു നിന്നും ഇറങ്ങി വന്ന 27 ആനകളുടെ നിരന്തരമായ ആക്രമണങ്ങൾ മൂലം 40 ലക്ഷത്തിലധികം കാർഷിക വിളകൾ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിൽ നശിപ്പിക്കപ്പെട്ടു. 

കൊല്ലങ്കോട് റേഞ്ച് വനം വകുപ്പിന്റെ അതികഠിനമായ പരിശ്രമത്തിലാണ് 90 ശതമാനം ആനകളും പറമ്പിക്കുളത്തേക്ക് തിരിച്ചു പോയത്. ഏതാനും ചില ആനകൾ മലയടിവാരത്ത് ഉള്ളപ്പോഴാണ് അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നത്. തെന്മല അടിവാര പ്രദേശത്ത് വസിക്കുന്നവർക്കും കർഷകർക്കും ഭീഷണിയാകുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിൽ നിന്നും സർക്കാർ പിൻമാറണം. ഇല്ലെങ്കിൽ ജനകീയ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.

നാളെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാൻ നെന്മാറ എംഎൽഎയുടെ നേതൃത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും എന്നാണ് വനം വകുപ്പിൽ നിന്ന് വിവരം ലഭിക്കുന്നത്. ഉദ്യമത്തിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. മോക്ഡ്രിൽ ഉണ്ടാകില്ല. മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ച് നിർദ്ദേശങ്ങൾ നൽകുമെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

അരിക്കൊമ്പന് ഘടിപ്പിക്കേണ്ട സാറ്റലൈറ്റ് റേഡിയോ കോളർ ലഭിക്കുന്നത് വൈകിയാൽ ദൗത്യം നീളും. അസമിൽ മാത്രമാണ് സാറ്റലൈറ്റ് റേഡിയോ കോളറുള്ളത്. വനം വകുപ്പിന്റെ കൈവശമുള്ള ജിഎസ്എം റേഡിയോ കോളർ പറമ്പിക്കുളത്ത് ഉപയോഗിക്കാനാവില്ല. ഈ വെല്ലുവിളികൾക്കിടയിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം