സൈബർ അതിക്രമത്തിനെതിരെ അർജുന്‍റെ കുടുംബം പരാതി നൽകി; വ്യാജ പ്രചാരണം വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി

Published : Jul 25, 2024, 07:53 AM ISTUpdated : Jul 25, 2024, 08:23 AM IST
സൈബർ അതിക്രമത്തിനെതിരെ അർജുന്‍റെ കുടുംബം പരാതി നൽകി; വ്യാജ പ്രചാരണം വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി

Synopsis

ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

കോഴിക്കോട്: സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്.

സൈന്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ദിവസം കുടുംബം നടത്തിയ പരാമർശത്തെ ചൊല്ലിയാണ് സൈബർ ആക്രമണം നടക്കുന്നത്. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അന്ന് തെരച്ചിൽ സംബന്ധിച്ച് കുടുംബം ചില വിഷമങ്ങളും ആശങ്കകളും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി.

അതേസമയം അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ പത്താം നാളിൽ എത്തിയിരിക്കുകയാണ്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും. തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് പ്രവേശനം ഉണ്ടാകില്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 

പ്രദേശത്തെ കനത്ത മഴയാണ് വെല്ലുവിളി. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു. 

ഇന്ന് നിർണായകം, ലോറി കാബിനിൽ അർജുനുണ്ടോ എന്ന് ആദ്യം ഉറപ്പാക്കും, ഗംഗാവലി പുഴയുടെ അടിത്തട്ടിലേക്ക് ദൗത്യസംഘം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ