
തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ നിർണ്ണായക വിവരം. നേവിയുടെ തെരച്ചിൽ ലോറിയുടെ ലോഹഭാഗങ്ങൾ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തെരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്‍റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തന്‍റെ ട്രക്കിന്‍റെ ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്‍റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. അതേസമയം, തടി കെട്ടിയ കയര്‍ തിരിച്ചറിഞ്ഞെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും നിർണ്ണായക ഒന്നും കണ്ടെത്താനായില്ല. പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam