
തൃശ്ശൂര്‍: കൂനൂർ ഹെലികോപ്ടര്‍ അപകടത്തിൽ ( Helicopter Crash) മരിച്ച മലയാളി ജൂനിയർ വാറന്‍റ് ഓഫീസർ എ പ്രദീപിന് (A Pradeep) കണ്ണീരോടെയാണ് ജന്മനാട് വിടനൽകിയത്. തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങ് നടത്തിയപ്പോള്‍ വിതുമ്പലടക്കി വലിയ ജനക്കൂട്ടം സാക്ഷിയായിരുന്നു. സംസ്ക്കാരത്തിന് മുമ്പായി പ്രദീപിന്‍റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി. പ്രിയപ്പെട്ടവന്‍റെ യൂണിഫോം നെഞ്ചോടു ചേര്‍ത്ത് നില്‍ക്കുന്ന ഭാര്യ ശ്രീലക്ഷ്മി ഏവരുടെയും മനസില്‍ നോവായി.
പ്രദീപിന്‍റെ മൃതദേഹത്തിൽ പുതപ്പിച്ച ദേശീയപതാകയും സേന ഭാര്യക്ക് നല്‍കി. കേരള പൊലീസിന്‍റെ ഗാര്‍ഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരം അര്‍പ്പിച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. പ്രദീപിന്‍റെ മകന്‍ ദക്ഷിണ ദേവാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
പ്രദീപ് പഠിച്ച പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നൂറുകണക്കിന് ആളുകളാണ് പുത്തൂരിലെ സ്‌കൂളിലെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് വളരെ പാടുപെടേണ്ടി വന്നു. ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടര്‍ന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. എന്നും നാടുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പ്രദീപിനെ അവസാനമായി ഒരു നോക്ക് കാണാനായി നാട്ടുകാര്‍ സ്കൂളിലേക്കും പ്രദീപിന്‍റെ വീട്ടിലേക്കും ഒഴുകിയെത്തി.
അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് പ്രദീപ് അപകടത്തില്‍പ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കുമായി പ്രദീപ് നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടമുണ്ടായത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി. ശ്രീലക്ഷ്മിയാണ് ഭാര്യ. ദക്ഷിണ്‍ദേവ്‌സ, ദേവ പ്രയാഗ് എന്നിവരാണ് മക്കള്‍. അച്ഛന്‍ രോഗിയായതിനാല്‍ വിവരം അറിയിച്ചിരുന്നില്ല. ഇന്നാണ് മരണ വിവരം അച്ഛനെ അറിയിച്ചത്.
ദില്ലിയിൽ നിന്നും രാവിലെ 11 മണിയോടെ സുലൂർ വ്യോമത്താവളത്തിലെത്തിച്ച ഭൗതിക ശരീരം അവിടെ നിന്ന് റോഡ് മാർഗമാണ് തൃശ്ശൂരിലേക്ക് കൊണ്ടുവന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രി കെ രാധാകൃഷ്ണൻ, വി എം സുധീരൻ, മന്ത്രി കെ രാജൻ, ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിവർ പുത്തൂരിലെ സ്കൂളിലെത്തി ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam