ദില്ലിയില്‍ കൊല്ലപ്പെട്ട പൊലീസുകാരന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് കെജ്‍രിവാൾ

By Web TeamFirst Published Feb 26, 2020, 6:57 PM IST
Highlights

കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 

ദില്ലി: ദില്ലി കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് ദില്ലി സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 

തിങ്കളാഴ്ച്ച വടക്ക് കിഴക്കൻ ദില്ലിയിലെ ഗോകുൽപുരയിലുണ്ടായ സംഘർഷത്തിൽ വെടിയേറ്റാണ് രത്തൻലാൽ മരണപ്പെട്ടത്. ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ ആയിരുന്നു രത്തൻലാൽ. ധീരനായ പൊലീസുകാരനെയാണ് നഷ്ടമായതെന്നും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നതായും അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രത്തൻ ലാലിന്റെ ഭാര്യക്ക് കത്തയച്ചിരുന്നു.

Read More: പൊലീസ് ഉദ്യോ​ഗസ്ഥൻ രത്തൻ ലാലിന്റെ അനാഥരായ മൂന്നു കുഞ്ഞുങ്ങൾ ചോദിക്കുന്നു; 'അച്ഛൻ എന്ത് തെറ്റാണ് ചെയ്തത്

സംഘർഷം അക്രമാസക്തമാകുകയും വർഗീയ കലാപത്തിന് വഴി തെളിക്കുകയും ചെയ്ത ദില്ലിയില്‍ ഒരു പൊലീസുകാരനുൾപ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. ​അതേസമയം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് രത്തൻ ലാലിന്‍റെ സ്വദേശമായ രാജസ്ഥാനിലെ സാദിൻസറില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. റോഡ് ഉപരോധിച്ച ആള്‍ക്കൂട്ടം രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കുന്നത് വരെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ്. 

click me!