Latest Videos

'സിസേറിയൻ കഴിഞ്ഞ് 6-ാം ദിവസം ഫയൽ നോക്കി തുടങ്ങി, 15-ാം ദിവസം പൊതുപരിപാടിക്കെത്തി'; വിമർശനത്തിൽ ആര്യയുടെ മറുപടി

By Web TeamFirst Published May 22, 2024, 3:58 PM IST
Highlights

ഒന്നാമതായി മുന്നേറുന്നത് സഹിക്കാത്തവര്‍, ഓരോന്ന് പറയുമ്പോള്‍ പേടിക്കാനോ വിഷമിക്കാനോ പോകുന്നില്ല എന്ന് മനസിലാക്കിയാല്‍ മതിയെന്നും ആര്യാ രാജേന്ദ്രൻ. 

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ മേയറെന്ന നിലയില്‍ ജനങ്ങളോട് ഒരു ബാധ്യതയുമില്ലെന്ന വിമര്‍ശനത്തോട് പ്രതികരിച്ച് ആര്യാ രാജേന്ദ്രന്‍. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് താന്‍ ജനപ്രതിനിധി ആയതെന്നും ജനപ്രതിനിധി ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കേണ്ട ആളാണെന്ന് തനിക്ക് നല്ല ധാരണയുണ്ടെന്നുമാണ് ആര്യ പറഞ്ഞത്. സിസേറിയന്‍ കഴിഞ്ഞ് ആറാം ദിവസം നഗരസഭയുടെ ഫയലുകള്‍ കൃത്യമായി നോക്കിയിട്ടുണ്ട്. പ്രസവാനന്തരം 15-ാം ദിവസം മുതല്‍ പൊതുപരിപാടിക്ക് വന്ന് തുടങ്ങിയതും ജനങ്ങളോടുള്ള ഉത്തരവാദിത്വം കൊണ്ടാണെന്ന് ആര്യ പറഞ്ഞു. 

''തലസ്ഥാനത്തെ ജനം മലിനജലത്തില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന മേയര്‍. വാങ്ങുന്ന ശമ്പളത്തിന് പാര്‍ട്ടിയോട് മാത്രം നന്ദി, ജനങ്ങളോട് ഒരു ബാധ്യതയുമില്ല.'' എന്ന ഫേസ്ബുക്ക് കമന്റിനായിരുന്നു ആര്യയുടെ മറുപടി. ആര്യയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലായിരുന്നു നിയാസ് യുസഫ് എന്ന പ്രൊഫൈലില്‍ നിന്നുള്ള പരാമര്‍ശം. 

ആര്യയുടെ പ്രതികരണം പൂര്‍ണരൂപം: ''പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് തന്നെയാണ് ജനപ്രതിനിധി ആയത്. ഒരു ജനപ്രതിനിധി ജനങ്ങളോട് ഉത്തരവാദിത്വം കാണിക്കേണ്ട ആളാണ് എന്ന് എനിക്ക് നല്ല ധാരണയുണ്ട് സഹോദര. അതുകൊണ്ടാണ് സിസേറിയന്‍ കഴിഞ്ഞ് 6ആം ദിവസം ഞാന്‍ ജനങ്ങളുടെ വിഷയങ്ങള്‍ പരിഹരിക്കേണ്ട നഗരസഭയുടെ ഫയലുകള്‍ കൃത്യമായി നോക്കിയത്. അതുകൊണ്ടാണ് ഞാന്‍ പ്രസവാനന്തരം 15ആം ദിവസം മുതല്‍ പൊതുപരിപാടിക്ക് വന്നു തുടങ്ങിയത്. തിരുവനന്തപുരം നഗരസഭ തുടര്‍ച്ചയായി മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വാങ്ങുന്നത്, കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാരം വാങ്ങുന്നത്, കേരളത്തില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ വീട് നല്‍കിയ നഗരസഭ ആയത്, സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിലേക്ക് ഈ നഗരത്തെ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തത്. അങ്ങനെ ഒന്നാമതായി തന്നെ മുന്നേറുന്നത് സഹിക്കാത്തവര്‍ ഓരോന്ന് പറയുമ്പോള്‍ പേടിക്കാനോ വിഷമിക്കാനോ പോകുന്നില്ല എന്ന് മനസിലാക്കിയാല്‍ മതി. ജനങ്ങളെ ചേര്‍ത്തു പിടിക്കാന്‍ എനിക്ക് നന്നായി അറിയാമെന്ന് എന്റെ നഗരത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് അറിയാം. വിമര്‍ശനം നല്ലതാണ്, ആ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഫേക്ക് പ്രൊഫൈല്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലോ.''

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് സ്പെയിൻ, അയർലൻഡ്, നോർവേ; അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രയേൽ 
 

click me!