
തിരുവനന്തപുരം: എസ്എസ്എൽസി - പ്ലസ് ടു പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിരിക്കെ വിദ്യാർത്ഥികളുടെ ആശങ്ക തീരുന്നില്ല. മാർച്ചിന് മുമ്പ് പാഠഭാഗങ്ങൾ തീരുമോ പ്രാക്ടിക്കലിന് സമയം കിട്ടുമോ എന്നിവയാണ് പ്രധാന ആശങ്ക. അതിനിടെ സ്കൂളുകളിൽ ക്ലാസ് തുടങ്ങാനും പരീക്ഷക്കുമുള്ള ഒരുക്കങ്ങൾ സജീവമാണ്
മാർച്ചിൽ പരീക്ഷ, ജനുവരിയിൽ സ്കൂളിലെത്താം എന്ന സർക്കാർ നിർദേശത്തോടെ 9 മാസത്തെ ഇടവേള കഴിഞ്ഞെത്തുന്ന പത്താം ക്ലാസുകാർക്കും പ്ലസ്ടുക്കാർക്കും ആശ്വാസത്തിലേറെ ആശങ്കകൾ. പാഠഭാഗങ്ങൾ പഠിച്ച് തീർക്കാനാകുമോയെന്നും, പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാനാവുമോ എന്നും പ്ലസ്ടുക്കാർ ആശങ്കപ്പെടുന്നു. എസ്എസ്എൽസിക്കാർക്കാകട്ടെ കണക്കും സയൻസും അടക്കമുള്ള വിഷയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ അപര്യാപ്തമായിരുന്നുവെന്ന സങ്കടം. ഐടി, കണക്ക് എന്നിവ അധ്യാപകരിൽ നേരിട്ട് പരിശീലിച്ചറിയാൻ സമയം പോര.
സമയക്കുറവ് തന്നെയാണ് സ്കൂളുകളും നേരിടുന്ന വെല്ലുവിളി. ജനുവരിയിൽ കുട്ടികളെത്തുമ്പോൾ നടപ്പാക്കേണ്ട ക്രമീകരണങ്ങളെ കുറിച്ചാണ് പ്രധാന ചർച്ച. ഇവയ്ക്കായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ വിശദമായ മാർഗനിർദേശം വരേണ്ടതുണ്ട്.
റിവിഷനായി രക്ഷിതാക്കളുടെ സമ്മതത്തോടെ കുട്ടികൾക്ക് വരാമെന്ന് പറയുമ്പോൾ അത് എങ്ങനെയായിരിക്കും, പൊതുഗതാഗതം ഉപയോഗിച്ച് കുട്ടികൾ സ്കൂളിലെത്തുന്നതിലെ പ്രശ്നങ്ങൾ, കമ്പ്യൂട്ടർ ലാബടക്കം കുട്ടികൾ ഒന്നിച്ചുപയോഗിക്കുന്ന സംവിധാനങ്ങൾ കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് പ്രാക്ടിക്കലിനായി ലഭ്യമാക്കുന്നതിലെ പരിമിതി എന്നിവ ചോദ്യങ്ങളായി നിൽക്കുന്നു.
കൊവിഡിനിടെ കഴിഞ്ഞ മാർച്ചിലെ എസ്എസ്എൽസി പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് സാഹചര്യം എന്താകുമെന്നതും സർക്കാർ നിരീക്ഷിക്കുന്നു. വിശദമായ മാർഗരേഖ ഉടൻ പുറത്തിറങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam