ആശമാരുടെ ഇൻസെന്‍റീവ്; എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച, ഏറ്റവും കൂടുതൽ ഓണറേറിയം സിക്കിമിൽ

Published : Mar 06, 2025, 03:03 PM IST
ആശമാരുടെ ഇൻസെന്‍റീവ്; എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിന് ഗുരുതര വീഴ്ച, ഏറ്റവും കൂടുതൽ ഓണറേറിയം സിക്കിമിൽ

Synopsis

ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്.

തിരുവനന്തപുരം:ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്.

ആദ്യ ഗഡു 189 കോടി കിട്ടിയപ്പോഴേക്കും ബ്രാൻഡിങ് നിബന്ധനകളെ ചൊല്ലി കേരളവും കേന്ദ്രവും തമ്മിൽ തർക്കമായി. പ്രാഥമിക തല ആശുപത്രികളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കണമെന്നതടക്കമായിരുന്നു കേന്ദ്ര നിര്‍ദേശം. നാഷണൽ ഹെൽത്ത് മിഷൻ ഫണ്ട് ഉപയോഗിക്കുന്ന പദ്ധതികൾക്ക് ഏകീകൃത സ്വഭാവം വേണമെന്നുള്ളതായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.

പേരുമാറ്റാനോ പേരിനൊപ്പമുളള പുതിയ ലോഗോ ഉപയോഗിക്കാനോ തയാറല്ലെന്നായിരുന്നു കേരളത്തിന്‍റെ നിലപാട്. രാഷ്ട്രീയ നിലപാടായി തന്നെ അത് ഉയര്‍ത്തികാട്ടുകയും ചെയ്തു. ആദ്യഘട്ടത്തിൽ എതിർത്ത തമിഴ്നാട് ഉൾപ്പെടുള്ള സംസ്ഥാനങ്ങൾ പിന്നീട് വഴങ്ങി മുഴുവൻ തുകയും നേടിയെടുത്തു. കേരളം ഒടുവിൽ ബ്രാൻഡിങ് ചട്ടങ്ങള്‍ പാലിച്ചപ്പോഴേക്കും 636 കോടി രൂപ ലാപ്സായി. കേന്ദ്രം തുക നൽകിയില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് പദ്ധതികൾ നടപ്പാക്കിയെന്നുള്ളതാണ് കേരളത്തിന്‍റെ അവകാശവാദം. പക്ഷേ പണം ലാപ്സാക്കിയതിന്‍റെ അധിക ബാധ്യതയാണ് ഈ സാമ്പത്തിക വർഷവും കേരളം നേരിടുന്നത്. പാഴായ തുക ഇനി അനുവദിക്കാൻ സാധ്യതയില്ല.

പക്ഷേ പാഴായ 636 കോടിയുടെ കണക്ക് പറഞ്ഞ് ആവർത്തിക്കുകയാണ് കേരളം. 2024-25 സാമ്പത്തിക വർഷത്തിൽ എന്‍എച്ച്എം പദ്ധതികൾക്ക് അനുവദിച്ച 936 കോടിയും കേരളത്തിന് കിട്ടിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാധ്യതകൾ ആരോഗ്യവകുപ്പ് മറികടക്കുന്നത്. ഇതോടെപല പദ്ധതികൾക്കും ഈ വർഷം പണമെടുക്കാനില്ലാത്ത അവസ്ഥയുമുണ്ടായി. ആശാ വർക്കർമാർക്ക് ഹോണറേറിയം നൽകാനായി പ്രതിവർഷം 219 കോടി രൂപയ്ക്കടുത്ത് വേണം. ഇൻസെന്‍റീവ് ഇനത്തിൽ 120 കോടിയും വേണം. ഇതിനിടെയാണ് കേരളത്തിലാണ് ഏറ്റവും അധികം ഓണറേറിയമെന്ന ആരോഗ്യമന്ത്രിയുടെ വാദവും പൊളിയുന്നത്. ഓണറേറിയം 10000 രൂപയാക്കിയുള്ള സിക്കിം സർക്കാറിന്‍റെ 2022 ലെ വിജ്ഞാപനമാണ് പുറത്തുവന്നത്.

സമരത്തിന് പിന്തുണയുമായി അരുന്ധതി റോയ്

ആശാ പ്രവർത്തകരുടെ രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അരുന്ധതി റോയ്. സമരക്കാരുടെ ആവശ്യങ്ങൾക്ക് സംസ്ഥാന സർക്കാറും കേരളത്തിലെ ജനങ്ങളും പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്ന് അരുന്ധതീ റോയ് സമരക്കാർക്ക് നൽകിയ സന്ദേശത്തിൽ വ്യക്തമാക്കി. ആശമാരെ കരുതലോടെ ചേർത്ത് പിടിക്കുമെന്ന് ലോകത്തിന് കാണിച്ചു നൽകണമെന്നും അരുന്ധതി റോയ് ആവശ്യപ്പെട്ടു. അതിനിടെ ആശമാരുടെ സമരം 25 ദിവസം പിന്നിടുകയാണ്. വനിതാ ദിനത്തിൽ വനിതകളുടെ മഹാസംഗമം നടത്തി സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവതം പോലെയെന്ന് എകെ ആന്‍റണി; സർക്കാർ കണ്ണുതുറക്കണം

 

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം