
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ആദ്യം അന്വേഷണ സംഘങ്ങള്‍ ശേഖരിച്ച ഫോൺ രേഖകളും കയ്യെഴുത്തു പ്രതിയും സിസിടിവി ദൃശ്യങ്ങളുടെ വിവരങ്ങളുമാണ് നഷ്ടമായത്. വീഴ്ചകളെ കുറിച്ച് ക്രൈം ബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകും.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിലെ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ശബരിമല സ്ത്രീപ്രവേശന വിവാദം ശക്തമായിരിക്കെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസായിരുന്നു. പൂജപ്പുര പൊലിസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കന്‍റോൺമെന്‍റ് അസിസ്റ്റൻറ് കമ്മീഷണറും പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റൻറ് കമ്മീഷണറുടെയും നേതൃത്വത്തിലെ സംഘമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. ഇതിനു ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകള്‍ നഷ്ടമായത്.
പ്രതികള്‍ ആശ്രമത്തിന് മുന്നിൽ ഷിബുവിന് ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചിരുന്നു. ഈ കൈയെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിലെടുത്തുവെന്ന് മഹസറിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. കോടതി സ്റ്റേഷനിൽ സൂക്ഷിക്കാനായി ഈ കൈയെഴുത്ത് മടക്കി നൽകി. പക്ഷെ ഇതിപ്പോള്‍ കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമണ്‍കടവ് ഭാഗത്തെ ഐഡിയ, വോഡോഫോണ്‍ കമ്പനികളുടെ ടവറിൽ നിന്നുള്ള ഫോണ്‍ വിളി വിശദാംശങ്ങള്‍ ആദ്യ സംഘം കമ്പനിയിൽ നിന്നും ശേഖരിച്ചു. പക്ഷെ ഈ വിവരങ്ങളും ഇപ്പോള്‍ കാണാനില്ല. അഞ്ച് സി സി ടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിൽ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ട് ദൃശ്യങ്ങളും കേസ് ഫയലില്ല. ഈ ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികള്‍ നശിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിൻെറ കണ്ടെത്തൽ.
തെളിവുകള്‍ നഷ്ടമായതെന്നറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തുപറയുകയോ ഉന്നത ഉദ്യോഗസ്‌ഥർക്ക് റിപ്പോർട്ട് നൽകുകയോ ചെയ്തിരുന്നില്ല. എസ്പി സദാനന്ദൻെറ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് ചോർച്ച കണ്ടെത്തി 3 മാസങ്ങൾക്ക് മുമ്പ് ക്രൈം ബ്രാഞ്ച് എഡിജിപിയെ അറിയിച്ചത്. പക്ഷെ തുടർ നടപടിയൊന്നുമുണ്ടായില്ല.
ആശ്രമം കത്തിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫർ റീത്തിൻെറ ഉള്‍പ്പെടെ ഫോട്ടോ എടുത്തിരുന്നു. ഈ ഡിജിറ്റൽ തെളിവിൽ നിന്നാണ് കൈയ്യക്ഷര കേസിലെ മുഖ്യപ്രതിയായ മരിച്ച പ്രകാശിൻെറതെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. എവിടെ നിന്നാണ് തെളിവുകള്‍ ചോർന്നതെന്ന് നാലു വർഷത്തിനപ്പുറം ഇപ്പോഴത്തെ അന്വേഷണ സംഘത്തിനും വ്യക്തതയില്ല.
ആദ്യ അന്വേഷണ സംഘം പലതും ഒളിച്ചുവെന്നാണ് സന്ദീപാനന്ദഗിരിയുടെയും പരാതി. അട്ടിമറി അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സന്ദീപാനന്ദഗിരി പറയുന്നു. എസ്പി സുനിൽ കുമാറിൻെറയും ഡിവൈഎസ്പി എം.ഐ.ഷാജിയും നേതൃത്വത്തിലുളള നാലാമത്തെ സംഘമാണ് ആശ്രമം കേസിൽ ഒരാളെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം നൽകുന്നതിനൊടൊപ്പം ആദ്യഘട്ടത്തിലുണ്ടായ വീഴ്ചകളും ഇപ്പോഴത്തെ സംഘം റിപ്പോർട്ട് ആയി ഡിജിപിക്ക് നൽകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam