
റായ്പൂര്‍: കന്യാസ്ത്രീകളെ കുടുക്കിയ കേസിൽ മതപരിവർത്തനം നിലനിൽക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് മനുഷ്യക്കടത്ത് ചേർത്തതെന്ന് എഎസ്ഐ പ്രൊവിൻഷ്യൽ സിസ്റ്റർ നിത്യ ഫ്രാൻസിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവർത്തന കുറ്റമാണ് ആദ്യം ആരോപിച്ചത്. എന്നാൽ, പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികൾ ആണെന്ന് ബോധ്യപ്പെട്ടതോടെ മനുഷ്യക്കടത്ത് ചുമത്തുകയായിരുന്നു.
ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് മനുഷ്യക്കടത്ത് നടത്തുമോയെന്നും സിസ്റ്റര്‍ നിത്യ ഫ്രാന്‍സിസ് ചോദിച്ചു. റെയില്‍വെ പൊലീസ് നല്ലരീതിയിലാണ് ഇടപെട്ടതെന്നാണ് മനസിലാക്കുന്നത്. എന്നാൽ മറ്റു കൂട്ടര്‍ അവിടെ എത്തി വലിയ പ്രശ്നമുണ്ടാക്കുകയായിരുന്നു. മതം നമ്മുടെ സ്വാതന്ത്ര്യമാണ്. ഏതുമതത്തിൽ ജീവിക്കുകയെന്നത് നമ്മുടെ സ്വാതന്ത്ര്യമാണ്. കഥയില്ലാത്ത സംഭവം കെട്ടിച്ചമച്ച് ആഘോഷമാക്കുകയായിരുന്നു.
എഎസ്ഐ സന്യാസിനികൾ ആരുടെയും മതം ചോദിക്കാറില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. വർഷങ്ങളായി ചത്തീസ്ഗഡിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അവിടെ മറ്റുള്ളുരെ മതം അന്വേഷിക്കാറില്ല. അങ്ങനെയുള്ള സന്യാസിനികൾക്ക് മുകളിൽ കുറ്റം ആരോപിച്ചത് വേദനിപ്പിച്ചു. മതപരിവർത്തനമല്ല ലക്ഷ്യമെന്നും ചെയ്യാത്ത കുറ്റത്തിനെടുത്ത കേസിന്‍റെ എഫ്ഐആർ റദ്ദാക്കണമെന്നും സിസ്റ്റര്‍ നിത്യ ഫ്രാന്‍സിസ് പറഞ്ഞു.