
തിരുവനന്തപുരം: മുപ്പതിന്‍റെ നിറവിൽ ഏഷ്യാനെറ്റ് ന്യൂസ്. ഇന്ത്യയിലെ ആദ്യ തത്സമയ സ്വകാര്യ വാര്‍ത്താ സംപ്രേഷണം തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ആഘോഷ സംഗമം അൽപസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവും മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഫ്രാങ്ക് പി.തോമസാണ് പരിപാടിക്ക് സ്വാഗതം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ഏഷ്യാനെറ്റ് ന്യൂസിന് ആശംസ അറിയിച്ചിരുന്നു.
മലയാളിയുടെ മാധ്യമ ജീവിതത്തെ അടിമുടി മാറ്റിമറിച്ച് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചിട്ട് ഇന്ന് മുപ്പത് വർഷം തികയുകയാണ്. 1995 സെപ്റ്റംബർ 30ന് വൈകുന്നേരം ഏഴരയ്ക്കായിരുന്നു ചരിത്രം കുറിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആദ്യ വാര്‍ത്താസംപ്രേക്ഷണം നടന്നത്. ഇന്ത്യയിൽ ആദ്യമായി തത്സമയം ഒരു വാർത്താസംപ്രേഷണം. ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിലെ സുബിഗ് ബേയിൽ നിന്ന് പിറന്ന ചരിത്രം. മലയാളിയ്ക്ക് കാഴ്ചയുടെ പുതുശീലമായി മാറിയ നിമിഷം ഇന്ന് മൂന്ന് പതിറ്റാണ്ടിലെത്തുകയാണ്. സ്വകാര്യ ചാനലുകൾക്ക് അന്ന് ഇന്ത്യയിൽ ഉപഗ്രഹങ്ങളുമായി അപ്പ് ലിങ്കിംഗ് സൗകര്യം ഇല്ലാതിരുന്ന കാലമായിരുന്നു അത്. അങ്ങനെയാണ് സുബിഗ് ബേയിലെ തുടക്കം. തുടർന്ന് സിംഗപ്പൂരിൽ നിന്നായി ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണം.
1999ൽ ഇന്ത്യയിൽ അപ് ലിംങ്കിംഗ് അനുവദിച്ചതോടെ ആദ്യം തമിഴ്നാട്ടിലെ കൊരട്ടൂരിൽ നിന്നും അധികം വൈകാതെ തിരുവനന്തപുരത്ത് നിന്നും സംപ്രേഷണം തുടങ്ങി. 1993ൽ പിറവിയെടുത്ത മലയാളത്തിലെ ആദ്യ ടിവി ചാനലായ ഏഷ്യാനെറ്റിന്‍റെ വാർത്താവിഭാഗം 2003ൽ 24 മണിക്കൂർ സംപ്രേക്ഷണം ചെയ്യുന്ന സമ്പൂർണ വാർത്താ ചാനലായി മാറി. 2009ൽ ഏഷ്യാനെറ്റ് ന്യൂസ് സ്വതന്ത്ര ചാനലായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ വന്നു. ഇന്ന് ദൃശ്യമാധ്യമ രംഗത്ത് മാത്രമല്ല, വിവിധ ഭാഷകളിലെ ഡിജിറ്റൽ രംഗത്തും ശക്തമായ സാന്നിധ്യമായി ഏഷ്യാനെറ്റ് ന്യൂസ് എന്ന പേര് സുപരിചിതമാണ്.