
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറിയ സംഭവത്തിൽ ജില്ലാ നേതാക്കളടക്കം എട്ടുപ്രതികൾ അറസ്റ്റിൽ. അന്യായമായി സംഘം ചേർന്ന് ഓഫീസിനുളളിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് മുപ്പതോളം പേർക്കെതിരെയാണ് പൊലീസിന്‍റെ എഫ് ഐ ആർ. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.
അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് സിപിഎമ്മും എസ്എഫ്ഐയും കടുത്ത പ്രതിരോധത്തിലായത്. സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിച്ചുളള പ്രതിഷേധം പാർടിയേയും സംഘടനയേയും പൊതുസമൂഹത്തിന് മുന്നിൽ അപമാനിതരാക്കിയെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നതോടെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പ്രതികളുടെ കീഴടങ്ങൽ. എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് പ്രജിത് ബാബു, ജില്ലാ കമ്മിറ്റിയംഗം ശരത്, തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി, ബ്രഹ്മദത്ത് ദേവ്, ശരത്, അമർജിത്, മുഹമ്മദ് ഷനോഫ് , ബ്രിജിത് രാജ് , അമൽജിത് ബാബു തുടങ്ങി കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. ശേഷിക്കുന്ന പ്രതികൾക്കെതിരേയും വേഗത്തിൽ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിലാണ് കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, കുറ്റകരമായി അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ റീജയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തി യോഗം സംഘടിപ്പിച്ചെന്നുമാത്രമല്ല ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
Read More : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അതിക്രമം: പ്രതിഷേധം രേഖപ്പെടുത്തി കേരള ടെലിവിഷൻ ഫെഡറേഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam