
തിരുവനനന്തപുരം: വയനാട്ടിലെ ദുരന്തത്തിൽ പകച്ചുനിൽക്കുന്ന ദുരന്തബാധിതരായ കുഞ്ഞുങ്ങളോട് പ്രതീക്ഷയോടെ മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് നടൻ ആസിഫ് അലി. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കുട്ടികൾ ധൈര്യത്തോടെ മുന്നോട്ട് പോകണം. അനുഭവങ്ങളാണ് കരുത്ത്. ഈ കുട്ടികളെ പോലെ അനുഭവം മറ്റാർക്കും ഉണ്ടാകില്ല. ഈ ദുരന്തം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കണമെന്നും എന്തിനും ഏതിനും നമ്മളെല്ലാം കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരിതബാധിതർ ഒറ്റയ്ക്കല്ലെന്നും കേരളത്തിൽ എല്ലാവരും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സഹായവും ചെയ്യാനും കേരളം മുഴുവൻ കൂടെയുണ്ട്. സാമ്പത്തികമായും അല്ലാതെയും സഹായം ചെയ്യാൻ എല്ലാവരും തയ്യാറാണ്. ഈ വേദന നമ്മുടെ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ വിഷമിക്കുന്ന സമയത്താണ് നമുക്ക് ഒരു ദുരന്തത്തെ കൂടി നേരിടേണ്ടി വന്നത്. ഷിരൂരിൽ അർജ്ജുനായി കാത്തിരിക്കുമ്പോഴാണ് ഈ ദുരന്തം. അർജുനെ കണ്ടെത്താനായി കേരളം കർണാടകത്തെ പരമാവധി സ്വാധീനം ചെലുത്തിയും സഹായിച്ചും ഇടപെട്ടപ്പോഴാണ് ഈ ദുരന്തമുണ്ടായത്. പല തരത്തിലുള്ള അഭിപ്രായ വ്യത്യാസവുമുള്ള കേരളത്തിലെ മലയാളികൾ പ്രശ്നങ്ങൾക്ക് മുൻപിൽ ഒറ്റക്കെട്ടാണെന്ന് വീണ്ടും ഒരിക്കൽ കൂടി വ്യക്തമാവുകയാണ്. അതാണ് ലോകത്ത് മലയാളികളെ ഒരുമയുള്ള സമൂഹമാക്കിയിരിക്കുന്നത്. ലോകത്ത് മറ്റൊരിടത്തും മുലപ്പാൽ കൊടുക്കാൻ തയ്യാറായി സ്ത്രീ മുന്നോട്ട് വരുമെന്ന് തോന്നുന്നില്ല. ഏത് സമയത്തും നിങ്ങളുടെ സന്തോഷത്തിനായി പ്രവർത്തിക്കും എപ്പോഴും കൂടെ നിൽക്കും. വളരെ ഗുരുതരമായ കാലാവസ്ഥാ മാറ്റമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. 2018 ലെ പ്രളയത്തിന് ശേഷം ദുരന്തങ്ങൾ തുടർച്ചയായി സംഭവിക്കുന്നുണ്ട്. അതിൻ്റെ ശാസ്ത്രീയ വശമൊന്നും തനിക്കറിയില്ല. ഈ സാഹചര്യം ഗൗരവത്തോടെ പരിശോധിക്കണമെന്നും ആസിഫ് അലി ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam