Latest Videos

എറണാകുളം ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി മുന്നണികള്‍

By Web TeamFirst Published Jun 8, 2019, 1:25 PM IST
Highlights

പരമ്പരാഗത യുഡിഎഫ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവാൻ കോൺഗ്രസ്സിൽ നേതാക്കളുടെ നീണ്ട നിരയാണ്. എന്നാൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന ആശയകുഴപ്പത്തിലാണ് എൽഡിഎഫ്.

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സ്ഥാനാർത്ഥി ചർച്ചകൾ സജീവമായി. പരന്പാരാഗത യുഡിഎഫ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവാൻ കോൺഗ്രസ്സിൽ നേതാക്കളുടെ നീണ്ട നിരയാണ്. എന്നാൽ സാമുദായിക ഘടകങ്ങൾ നിർണായകമാവുന്ന മണ്ഡലത്തിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന ആശയകുഴപ്പത്തിലാണ് എൽഡിഎഫ്.

ഹൈബി ഈഡൻ ലോക് സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടതോടെയാണ് എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്പ് തന്നെ മുന്നണികളിൽ തിരക്കിട്ട സ്ഥാനാർത്ഥി ചർച്ചകൾ സജീവമായി. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന് അവകാശപ്പെടുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥിയാവാൻ കോൺഗ്രസ്സിൽ നീണ്ട നിരയാണ്. കഴിഞ്ഞ ലോക് സഭ തെരെഞ്ഞെടുപ്പിൽ എറണാകുളത്ത് മാത്രം ഹൈബി ഈഡന് കിട്ടിയ 31000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പല നേതാക്കളെയും മോഹിപ്പിക്കുന്നു. എറണാകുളം ഡിസിസി പ്രസിഡന്റ് ടി ജെ വിനോദും മുൻ കൊച്ചി മേയർ ടോണി ചമ്മണിയുമാണ് കോൺഗ്രസ്സിൽ സാധ്യത കൽപ്പിക്കുന്ന പ്രമുഖർ. മണ്ഡലത്തിൽ നിർണായക സ്വാധിനമുള്ള ലത്തിൻ സമുധായത്തിൽപ്പെട്ടവരാണ് ഇരുവരും എന്നതാണ് മറ്റൊരു പ്രത്യേകത. ലോക് സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ എംപി കെ വി തോമസ്സും സീറ്റിനായി സമ്മർദ്ദം ചെലുത്തിയേക്കാം. എന്നാൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം.

നിലവിലെ സാഹചര്യത്തിൽ ജയിക്കുക എന്നത് ബാലികേറാമല ആണ് എന്നതാണ് എൽഡിഎഫിലെ ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനം. സിപിഎമ്മം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാണ് തീരുമാനമെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച എം അനിൽകുമാറിന് ആയിരിക്കും പ്രധാന പരിഗണന. സ്വതന്ത്ര ചിഹ്നമാണ് എൽഡിഎഫ് പരീക്ഷിക്കുന്നതെങ്കിൽ ലത്തീൻ സമുധായവുമായി അടുത്ത ബന്ധം പുലർത്തുന്ന പൊതു സ്വതന്ത്രനെ ഇറക്കാനും സാധ്യതയുണ്ട്. മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പുതുമുഖങ്ങൾക്കും അവസരം നൽകിയേക്കാം. സംസ്ഥാന മുന്നണി യോഗത്തിന് ശേഷം വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ പറ്റി ചർച്ച ചെയ്യുമെന്നാണ് ജില്ലയിലെ ഇടത് നേതൃത്വത്തിന്റെ വിശദീകരണം.

മുൻ കാല തെരഞ്ഞടുപ്പുകളെക്കാളും നില മെച്ചപ്പെടുത്തിയ ബിജെപി എഎൻ രാധാകൃഷ്ണൻ അടക്കമുള്ള സംസ്ഥാന നേതാക്കളെ ഇറക്കാനും സാധ്യതയേറെയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിനെക്കാൾ നിരവധി ബൂത്തുകളിൽ ലീഡ് നേടാനായതും ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നു.

click me!