ത്രികോണ മത്സരം, വട്ടിയൂര്‍ക്കാവിലേക്കില്ലെന്ന് നേതാക്കള്‍; ജിജി തോംസൺ അടക്കമുള്ള പ്രമുഖരെ പരിഗണിച്ച് യുഡിഎഫ്

By Web TeamFirst Published Jan 14, 2021, 7:55 AM IST
Highlights

പഴയ തട്ടകത്തിലേക്ക് മടങ്ങാൻ കെ മുരളീധരൻ ആഗ്രഹിച്ചെങ്കിലും എംപിമാർ മത്സര രംഗത്ത് വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതോടെ വടകരക്ക് പുറത്തേക്ക് പ്രചാരണത്തിന് പോലുമില്ലെന്ന് പറഞ്ഞ് മുരളി ഉടക്കിനിൽക്കുന്നു. 
 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉയരുമ്പോള്‍ വട്ടിയൂർകാവിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ അടക്കമുള്ള പ്രമുഖരെ പരിഗണിച്ച് യുഡിഎഫ്. ത്രികോണ മത്സരം മുന്നിൽ നിൽക്കെ വട്ടിയൂർക്കാവിലേക്ക് ഇല്ലെന്ന നിലപാടിലാണ് പ്രധാനപാർട്ടി നേതാക്കൾ. എൽഡിഎഫിനായി വി.കെ.പ്രശാന്തും,  ബിജെപിക്കായി വി.വി. രാജേഷും പ്രവർത്തനങ്ങളിലേക്ക് കടന്നു.

ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാന നേതാക്കൾ സീറ്റ് നേടാൻ ക്യൂ നിന്ന മണ്ഡലമാണ് വട്ടിയൂര്‍‍ക്കാവ്. എന്നാൽ ഇത്തവണ മത്സരിക്കാൻ വമ്പൻമാരാരും വട്ടിയൂർക്കാവിലേക്ക് ഇല്ല എന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. പഴയ തട്ടകത്തിലേക്ക് മടങ്ങാൻ കെ മുരളീധരൻ ആഗ്രഹിച്ചെങ്കിലും എംപിമാർ മത്സര രംഗത്ത് വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതോടെ വടകരക്ക് പുറത്തേക്ക് പ്രചാരണത്തിന് പോലുമില്ലെന്ന് പറഞ്ഞ് മുരളി ഉടക്കിനിൽക്കുന്നു. 

പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമായ മണ്ഡ‍ലം ആയിരുന്നു വട്ടിയൂര്‍‌ക്കാവ്. എന്നാൽ 2019ലെ വോട്ടിംഗ് ഘടനയിലെ മാറ്റങ്ങളും വി.കെ.പ്രശാന്ത് നേടിയ മികച്ച വിജയവുമാണ് യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നത്. സംഘടനാ സംവിധാനത്തിന്‍റെ കരുത്തിൽ ബിജെപിയുടെയും എപ്ലസ് പട്ടികയിൽ വട്ടിയൂർക്കാവുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരം നടന്നാൽ ആരും ജയിക്കാം ആരും തോൽക്കാം.

എന്നാൽ മൂന്നാംസ്ഥാനത്തെക്ക് തള്ളപ്പെട്ടാലുള്ള രാഷ്ട്രീയ തിരിച്ചടിയാണ് നേതാക്കളെ മത്സരിക്കാനിറങ്ങണോ എന്ന് രണ്ടാമതൊന്ന് ചിന്തിപ്പിക്കുന്നത്. പി.സി.വിഷ്ണുനാഥും, ജ്യോതികുമാർ ചാമക്കാലയും വട്ടിയൂർക്കാവിലേക്ക് വരാനുള്ള സാധ്യത കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ജിജി തോംസൺ അടക്കമുള്ള പ്രമുഖരെ യുഡിഎഫ് പരിഗണിക്കുന്നത്. പക്ഷെ ഇതുവരെ മത്സരിക്കാൻ ജിജി തോംസണൺ സമ്മതം അറിയിച്ചിട്ടില്ല. 

ജ്യോതി വിജയകുമാർ, വീണ നായർ, ആർ.വി.രാജെഷ് എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയരുന്നു. കുമ്മനം വന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മണ്ഡലത്തിൽ മേൽക്കൈ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ഘടനയിൽ അയ്യായിരം വോട്ടിന്‍റെ മേൽക്കൈയാണ് എൽഡിഎഫിന്.
 

click me!