
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓരോ പാർട്ടികളിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ചർച്ചകൾ പൊടിപൊടിക്കുകയാണ്. യുവതയേയും പുതുമുഖങ്ങളേയും ഇറക്കി കളം നിറയ്ക്കാൻ പാർട്ടികൾ കച്ചകെട്ടുമ്പോൾ ഈ മാറ്റത്തിൻ്റെ ചെറിയൊരു അലയൊലി മുസ്ലിം ലീഗിലും ദൃശ്യമാണ്. ഒരു കാലത്തും വനിതകളെ മത്സരിപ്പിക്കില്ലെന്ന ചീത്തപ്പേര് മാറ്റാനായിരുന്നു കഴിഞ്ഞ തവണ മുസ്ലിംലീഗ് കോഴിക്കോട് സൗത്തിൽ അഡ്വ നൂർബിന റഷീദിനെ മത്സരരംഗത്തേക്കിറക്കിയത്. നൂർബിനയുടെ സ്ഥാനാർത്ഥിത്വം ഒട്ടേറെ ചർച്ചയായി. എന്നാൽ വനിതാ സ്ഥാനാർത്ഥിയെ ഉൾക്കൊള്ളാനാവാത്ത ലീഗ് അണികളും വനിതാലീഗിലെ തമ്മിലടിയും നൂർബിന റഷീദിനെ സൗത്തിൽ തോൽപ്പിച്ചു. പരാജയപ്പെട്ടെങ്കിലും നൂർബിന റഷീദിൻ്റെ കടന്നു വരവ് മുസ്ലിംലീഗിലൊരു മാറ്റത്തിന് തിരികൊളുത്തി. ഓരോ മാറ്റങ്ങളും ഓരോ ചുവടുകളായി പുരോഗമിക്കേണ്ടതാണെന്ന വാദത്തിന് ശക്തി പകർന്ന് ഇത്തവണ ലീഗിൽ എത്ര വനിതാ സ്ഥാനാർത്ഥികളെന്ന രീതിയിലേക്ക് ചർച്ചകൾ വഴിമാറി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ആദ്യഘട്ടത്തിൽ വനിതാ ലീഗിലെ നിരവധി നേതാക്കളുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. സുഹറ മമ്പാട്, അഡ്വ നൂർബിന റഷീദ്, കുൽസു ടീച്ചർ തുടങ്ങിയവരുടെ പേരുകളായിരുന്നു അത്. നേരത്തെ, പാർട്ടിയെ മുൾമുനയിൽ നിർത്തിയ, ഹരിത സംഘത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടി, സീറ്റ് കൊടുത്ത് വിജയിപ്പിച്ചു. ഇതോടെ വിമതപക്ഷത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തഴഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വനിതാ ലീഗിലെ സുഹറ മമ്പാടും കുൽസു ടീച്ചറും ചർച്ചകളിൽ മുന്നിലുണ്ടെങ്കിലും ആർക്കാണ് അവസരം എന്ന കാര്യത്തിൽ തീർപ്പായിട്ടില്ല. ഇവരിൽ ആർക്കെങ്കിലും സീറ്റ് ലഭിക്കുകയാണെങ്കിൽ തിരൂരങ്ങാടിയിലായിരിക്കും പരിഗണിക്കുക. തിരൂരങ്ങാടിയിൽ നിലവിൽ കെപിഎ മജീദാണ് എംഎൽഎ. തിരൂരങ്ങാടിയിൽ വനിതാ ലീഗിന് സീറ്റ് ലഭിക്കുകയാണെങ്കിൽ കെപിഎ മജീദ് മത്സരരംഗത്തുനിന്ന് മാറിനിൽക്കേണ്ടി വരും. ഒന്നോ രണ്ടോ സീറ്റുകൾ എന്നല്ലാതെ മൂന്നാമതൊരു വനിതാ സീറ്റ് ലീഗ് ചർച്ചയിലേയില്ല. അതേസമയം, യുവതയെ പരിഗണിക്കുക എന്നാണെങ്കിൽ യുവാക്കൾക്കൊപ്പം അഡ്വ ഫാത്തിമ തഹ്ലിയയേയും മത്സരിപ്പിക്കാൻ സാധ്യതയുണ്ട്. കുറ്റിച്ചിറയിൽ നിന്നും ജയിച്ച് കോർപ്പറേഷനിലെത്തിയ തഹ്ലിയയെ കോഴിക്കോട് ഏതെങ്കിലും സീറ്റിൽ മത്സരിപ്പിക്കാനാണ് ചർച്ചകൾ. കോഴിക്കോട് സൗത്തിൽ എംകെ മുനീർ മത്സരിക്കാനില്ലെങ്കിൽ മണ്ഡലത്തിൽ ഫാത്തിമ തഹ്ലിയയെ ഇറക്കാനും ആലോചനയുണ്ട്. കോർപ്പറേഷനിലേക്ക് മത്സരിക്കുന്നതിൻ്റെ ഭാഗമായി ഫാത്തിമ തഹ്ലിയ നടത്തിയ ഇടപെടലുകൾ ഒരു സ്ത്രീപക്ഷ മുന്നേറ്റം മണ്ഡലത്തിലുണ്ടാക്കാൻ കാരണമായിട്ടുണ്ട്. ഇതിൻ്റെ ചുവട് പിടിച്ച് മുന്നേറുകയാണെങ്കിൽ സൗത്തിൽ ഫാത്തിമ തഹ്ലിയ നിസംശയം കരപറ്റും. ഹരിതയുമായി ബന്ധപ്പെട്ട് വൻനീക്കങ്ങൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയ തഹ്ലിയ നിലവിൽ സമാധാനത്തിൻ്റെ പാതയിലാണ്. അതുകൊണ്ടുതന്നെ കുറ്റിച്ചിറയിൽ ഒതുങ്ങാതെ അസംബ്ലി സീറ്റെന്ന നിലയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സാരം.
യുവാക്കൾക്ക് പ്രാധിനിത്യം നൽകുകയാണെങ്കിൽ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പികെ നവാസ്, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ടിപി അഷ്റഫലി, യൂത്ത് ലീഗ് ദേശീയ അസി. സെക്രട്ടറി ഫൈസൽ ബാബു, ഷിബു മീരാൻ, പികെ ഫിറോസ് എന്നിവരെല്ലാം സാധ്യതാലിസ്റ്റിലുണ്ട്. ഇതിൽ തന്നെ പുതുമുഖങ്ങളാണ് ഏറെയും. സീറ്റുകൾ വെച്ചുമാറിയും സിറ്റിംഗ് എംഎൽഎമാർ മാറിനിന്നുമാണ് ലീഗിൻ്റെ പരീക്ഷണം. സംസ്ഥാനത്ത് പോര് കടുക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെയിറക്കി മത്സരം കനപ്പിക്കാനാണ് ലീഗിൻ്റെ നീക്കം എന്നതാണ് ശ്രദ്ധേയമാവുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam