കോഴിക്കോട്: കിടപ്പ് രോഗികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുമായി സര്‍ക്കാര്‍ തുടങ്ങിയ ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് ഒമ്പത് മാസം. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് സാമൂഹ്യനീതി വകുപ്പ് ധനസഹായം നിര്‍ത്തിവച്ചത്. ഒന്നേ കാൽ ലക്ഷത്തിലേറെ പേരാണ് ഇത് മൂലം കടുത്ത പ്രതിസന്ധിയിലായത്.
ഒരു മാസം 600 രൂപ. വളരെ തുച്ഛമായ തുകയാണ്. പക്ഷേ അതുപോലും നിധിപോലെ കരുതുന്നവരോടാൻ് സർക്കാരിന്റെ ഈ നിലപാട്. കോഴിക്കോട് നടക്കാവിൽ ഞങ്ങൾ കണ്ട ആയിഷ. ആയിഷയുടെ മൂന്ന് മക്കളും മാനസിക പ്രശ്നം ഉള്ളവരാണ്. എന്നാൽ ഒരാൾ മാത്രമാണ് സർക്കാർ പട്ടികയിലുള്ളത്. ആ കുട്ടിക്ക് കിട്ടിയിരുന്ന ധനസഹായം പോലും നിലച്ചിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി നിലനിൽക്കെ എങ്ങനെ മുന്നോട്ട് പോകുമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഇതുപോലെ നിരവധി കുടുംബങ്ങളാണ് സർക്കാരിന്റെ കനിവ് കാത്ത് കഴിയുന്നത്.
2010 ലാണ് സാമൂഹ്യനീതി വകുപ്പ് കിടപ്പുരോഗികൾക്കായി ആശ്വാസ കിരണം പദ്ധതി തുടങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്നവർ,ഭിന്നശേഷിക്കാർ തുടങ്ങിയവരും പിന്നീട് പദ്ധതിയുടെ ഭാഗമായി. ഇതോടെ പദ്ധതിക്കായി കണക്കാക്കിയ തുക പോരാതെ വരികയായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
നിലവില്‍ കുടിശ്ശിക തീര്‍ക്കാന്‍ മാത്രം 62 കോടിയോളം രൂപ വേണമെന്ന് സാമൂഹ്യ നീതി വകുപ്പ് പറയുന്നു. പദ്ധതിയില്‍ കയറിക്കൂടിയ അനർഹരെ ഒഴിവാക്കാനുളള നടപടി പുരോഗമിക്കുകയാണെന്നും സാമൂഹ്യ നീതി അറിയിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam