
കോഴിക്കോട്: കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച പ്രതികൾ ഒളിവിൽ. തലയ്ക്ക് മാരകമായി മുറിവേൽപ്പിച്ചിട്ടും പ്രതികൾക്കെതിരെ ദുർബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ട്. ഭീതിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പേർ തിരികെ പോകാനൊരുങ്ങുകയാണ്.
കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ഇരുന്നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ നാദാപുരം കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. രാത്രി തിരിച്ച് താമസ സ്ഥലത്തെത്തി ഭക്ഷണം കഴിക്കുമ്പോൾ മുഖം മറച്ച് എത്തിയ പത്തോളം വരുന്ന സംഘം വീട്ടിൽ കയറി ഇവരെ മർദ്ദിക്കുകയായിരുന്നു. മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഷഫീഖ് ഉൾ ഇസ്ളാമിന്‍റെ തലയിൽ മരക്കഷ്ണം കൊണ്ടും ഇരുമ്പുകൊണ്ടും അടിച്ച്, അഞ്ച് തുന്നലുകളാണ് ഉള്ളത്. ഷജ അബ്ദുളിനും അഷാദുൾ മൊണ്ടലിനും മുതുകത്താണ് തടിക്കഷണം കൊണ്ട് അടി കിട്ടിയത്. എന്നിട്ടും വധശ്രമത്തിന് കേസെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് നാദാപുരം പൊലീസ് ഉത്തരമില്ല
കണ്ടാലറിയുന്ന നാലുപേർക്കെതിരെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതിനാണ് പൊലീസ് കേസെടുത്തത്. പ്രദേശത്ത് തന്നെയുള്ള ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. പ്രതികളെ തിരഞ്ഞ് പൊലീസ് അവരുടെ വീടുകളിലെത്തിയെങ്കിലും അവർ ഒളിവിലാണെന്നാണ് വിവരം. ഭീഷണിയെ തുടർന്ന് നാദാപുരത്തുനിന്നും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് തിരികെ പോവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam