Latest Videos

അട്ടപ്പാടി മധു കേസ്: 'സാക്ഷിപ്പട്ടികയിൽ ഇനി ഉദ്യോഗസ്ഥർ മാത്രം'; ജാമ്യം തേടി വീണ്ടും പ്രതികളുടെ ഹർജി

By Web TeamFirst Published Sep 27, 2022, 12:52 PM IST
Highlights

ഓഗസ്റ്റ് 20നാണ്  12 പ്രതികളുടെ ജാമ്യം  വിചാരണക്കോടതി റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു വിചാരണ കോടതി കണ്ടെത്തൽ.

പാലക്കാട്: അട്ടപാടി മധു വധ കേസിൽ ജാമ്യം നൽകണമെന്ന ആവശ്യവുമായി 11 പ്രതികൾ  കോടതിയിൽ ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണ കോടതിയിലാണ് ഹർജി നൽകിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയെന്ന് കാരണം പറഞ്ഞാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.

ഓഗസ്റ്റ് 20നാണ്  12 പ്രതികളുടെ ജാമ്യം  വിചാരണക്കോടതി റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു വിചാരണ കോടതി കണ്ടെത്തൽ. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാൽ 12ാം പ്രതിക്ക് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്തംബർ 19  നാണ് 11 പ്രതികൾ വിചാരണ കോടതിയിൽ കീഴടങ്ങിയത്.

പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയായിരുന്നു പാലക്കാട്ടെ പ്രത്യേക കോടതി മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് 12 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ കീഴ്കോടതിയ്ക്ക് കഴിയില്ലെന്നായിരുന്നു വാദം. എന്നാൽ ജാമ്യ വ്യവസ്ഥയിലെ ലംഘനം ഉണ്ടായാൽ വിചാരണ കോടതിയ്ക്ക് തുടർ നടപടി ആകാമെന്ന് പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചത്.

അട്ടപ്പാടി മധു കൊലക്കേസിൽ മണ്ണാർക്കാട് എസ്‌സി എസ്‌ടി കോടതിയിലാണ് സാക്ഷി വിസ്താരം തുടരുന്നത്. 75 മുതൽ 80 വരെയുള്ള സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കുക. വിദേശത്തുള്ള സാക്ഷികളിൽ ഒരാളെ വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കാൻ പ്രോസിക്യൂഷൻ ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അടുത്ത ദിവസം തീരുമാനമുണ്ടാകും. 29-ാം സാക്ഷി സുനിൽ കുമാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ഹർജിയിൽ വ്യാഴാഴ്ച വിധി പറയും.

വിചാരണ നടപടികൾ ചിത്രീകരിക്കണമെന്ന മധുവിൻ്റെ അമ്മയുടെ ഹർജിയിലും തീരുമാനം ഈ മാസം 29 ന് ഉണ്ടാകും. ഇതു കൂടാതെ കൂറുമാറിയ 36ാം സാക്ഷി അബ്ദുൾ ലത്തീഫിൻ്റെ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധന നടത്തണമെന്ന ഹർജിയിലും തീരുമാനമുണ്ടാകും.

click me!