അട്ടപ്പാടി മധു കേസ്; താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴി മാറ്റിയതിനാലെന്ന് റേഞ്ച് ഓഫീസർ

Published : Jul 23, 2022, 10:10 AM ISTUpdated : Jul 23, 2022, 10:11 AM IST
അട്ടപ്പാടി മധു കേസ്; താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ടത് മൊഴി മാറ്റിയതിനാലെന്ന് റേഞ്ച് ഓഫീസർ

Synopsis

കേസിന്‍റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി സ്വീകരിച്ചത്.

പാലക്കാട്: രണ്ട് വനംവാച്ചർമാരെ പിരിച്ചുവിട്ടത് അട്ടപ്പാടി മധു കേസിൽ കൂറുമാറിയതിനാലെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ. രഹസ്യമൊഴി തിരുത്തിപ്പറഞ്ഞതാണ് നടപടിക്ക് കാരണമെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ സി സുമേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷി പട്ടികയിൽ ഇനിയും വനംവാച്ചർമാരുണ്ട്. ഇവർക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനംവകുപ്പിന്‍റെ നടപടി.

അട്ടപ്പാടി മധു കേസിലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് വനം വകുപ്പ് കഴിഞ്ഞ ദിവസം നടപടിയെടുത്തത്. ഇരുവരും താത്കാലിക വാച്ചർമാരായിരുന്നു. സർക്കാർ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പ്രതികൾ സാക്ഷി പട്ടികയിൽ അവശേഷിക്കുന്ന വാച്ചർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടി മുന്നിൽ കണ്ടാണ് നടപടി. കേസിന്‍റെ സാക്ഷി പട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം, തുടര്‍ച്ചയായ കൂറുമാറ്റങ്ങള്‍ക്കിടയില്‍ അട്ടപ്പാടി മധു കേസിൽ നിർണായക സാക്ഷിമൊഴിയാണ് ഇന്നലെ വിചാരണ കോടതിയിൽ ഉണ്ടായത്. മധുവിനെ ചവിട്ടുന്നത് കണ്ടുവെന്നാണ് പതിമൂന്നാം സാക്ഷിയായ സുരേഷ് കോടതിയില്‍ മൊഴി നല്‍കിയത്. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും കോടതിയില്‍ സുരേഷ് മൊഴി നല്‍കി. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രോസികൂഷ്യന് അനുകൂലമായ മൊഴി ലഭിക്കുന്നത്. കേസിൽ ആറ് സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. പതിനാറാം സാക്ഷിയായി പ്രോസിക്യൂഷൻ ഹാജരാക്കിയ വനംവകുപ്പ് വാച്ചർ റസാഖ് ആണ് ഒടുവില്‍ മൊഴി മാറ്റിയത്. ഇയാളാണ് വനം വകുപ്പ് സർവീസിൽ നിന്ന് പിരിച്ചുവിട്ട ഒരു വാച്ചർ.

കേസില്‍ നേരത്തെ കൂറുമാറിയ,  പന്ത്രണ്ടാം സാക്ഷിയായ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കഴിഞ്ഞ ദിവസം വനം വകുപ്പ് പിരിച്ച് വിട്ടിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു പിരിച്ചുവിടൽ. മധുവിനെ അറിയില്ലെന്നാണ് അനിൽ കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. പൊലീസിന്‍റെ നിർബന്ധം പ്രകാരമാണ് നേരത്തെ രഹസ്യമൊഴി നൽകിയതെന്നും അനിൽ കുമാര്‍ വ്യക്തമാക്കിയിരുന്നു. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു. അനിൽ കുമാർ മൊഴി മാറ്റിയതിന് പിരിച്ചു വിടപ്പെട്ടിട്ടും അബ്ദുൾ റസാഖ് മൊഴി മാറ്റിയത് വനം വകുപ്പിന് തിരിച്ചടിയായി.

കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും നീക്കം ലക്ഷ്യം കണ്ടിട്ടില്ല. ഇതാണ് ഇന്നത്തെ കൂറുമാറ്റവും തെളിയിക്കുന്നത്. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. സാക്ഷികൾ കൂറ് മാറുന്നതിൽ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് സങ്കടം പറയുകയും ചെയ്തിരുന്നു. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ടെന്നാണ് സരസു പറഞ്ഞത്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നൽകുകയായിരുന്നു. 12-ാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി തേടി പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവച്ചത്. 

കൂറുമാറാതിരിക്കാൻ പണം ചോദിക്കുകയാണ് സാക്ഷികളെന്ന് സരസു പറഞ്ഞിരുന്നു. ഇതിനിടെ,  അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്ന് കാണിച്ച് മധുവിന്റെ കുടുംബം പാലക്കാട്  എസ്പിക്ക് പരാതി നൽകി. മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് കുടുംബത്തിന്‍റെ ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ