
കൊച്ചി: അട്ടപ്പാടി മധുകേസില്‍നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന്‍ പിന്‍മാറി. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ട് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.കേസില്‍നിന്ന് പിന്‍മാറുകയാണെന്ന് കോടതിയെ അറിയിച്ചതായി പിന്നീട് കെ.പി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. മധു കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കെ.പി. സതീശന്‍റെ പിന്‍മാറ്റം. വിവാദങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും മധുവിന് നീതി ലഭിച്ചില്ലെന്ന തോന്നലിൽ ആണ് കേസ് ഏറ്റെടുത്തതെന്നും കെ.പി. സതീശന്‍ പറഞ്ഞു. ഫയൽ പരിശോധിച്ചപ്പോൾ തന്നെ ചില പാളിച്ചകൾ കണ്ടെത്തിയിരുന്നു. അഞ്ച് പ്രതികൾക്ക് എങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ടത് ആയിരുന്നു. അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കി. വിവാദങ്ങൾ മാനസികമയി ബുദ്ധിമുട്ട് ഉണ്ടാക്കി.
മധുവിന് സർക്കാർ സഹായവും പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചു. എന്നാൽ ആ തുക എവിടെ എന്ന് ഇപ്പോൾ വ്യക്തത ഇല്ല. കുടുംബം വായ്പ എടുക്കേണ്ട അവസ്ഥ എത്തിയെന്നും ഇതെങ്ങനെ എന്ന് പരിശോധിക്കണമെന്നും കെ.പി. സതീശന്‍ പറഞ്ഞു. വാളയാര്‍ കേസിലും സിബിഐ പ്രൊസിക്യൂട്ടര്‍ ആണ് കെ.പി. സതീശന്‍. ഈ കേസിലും പ്രൊസിക്യൂട്ടറെ മാറ്റണമെന്ന പരാതികാരിയുടെ ആവശ്യം എന്ത് കൊണ്ടെന്ന് അറിയില്ലെന്ന് കെ.പി. സതീശന്‍ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മ ആണ് പരാതിക്കാരി. കുട്ടികൾക്ക് നീതി ലഭ്യമാക്കാൻ ഉള്ള നടപടികളിൽ ആണ് സിബിഐ. ഇതിന്‍റെ ഭാഗമായി നാലു പ്രതികളുടെ നുണ പരിശോധന നടത്തണ പ്രോസീക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. നുണ പരിശോധനയെ പോലും പരാതിക്കാരി കോടതിയിൽ എതിർത്തു ഈ പരാതികരിയെ തന്നെ പിന്നീട് മധുവിന്‍റെ സമര പന്തലിലും കണ്ടു. നല്ല പ്രതീക്ഷയിൽ ആണ് കേസ് ഏറ്റെടുത്തത്. ഡി.ജി.പി ഓഫീസില്‍നിന്നും നിരന്തരം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് മധു കേസ് ഏറ്റെടുത്തതെന്നും കെ.പി. സതീശന്‍ വ്യക്തമാക്കി.
അഡ്വക്കേറ്റ് കെപി സതീശനെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചതിനെതിരെ മധുവിന്‍റെ അമ്മ മല്ലിയമ്മ രംഗത്തെത്തിയിരുന്നു. കുടുംബമോ, സമരസമിതിയോ അറിയാതെ ഉള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റസിന് സങ്കട ഹർജിയും നല്‍കി. തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പിന്‍മാറുകയാണെന്ന് കെ.പി. സതീശന്‍ കോടതിയെ അറിയിച്ചത്. അഡ്വ ജീവേഷ്, അഡ്വ രാജേഷ് എം മേനോൻ, അഡ്വ സി കെ രാധാകൃഷ്ണൻ എന്നിവരെ ഹൈക്കോടതിയിലെ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കണമെന്നാണ് കുടുംബവും സമരസമിതിയും ആവശ്യപ്പെട്ടത്. ഈ ആവശ്യം ഉന്നയിച്ച് അമ്മ നൽകിയ റിട്ട് ഹർജി ഹൈക്കോടതിയിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് സർക്കാർ ഏകപക്ഷീയമായി ഡോ കെ പി സതീശനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയത് എന്നും അമ്മ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടൽ തേടിയാണ് സങ്കട ഹർജി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam