
പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ വീണ്ടും അസാധാരണ സംഭവം. കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷൻ അനുകൂല മൊഴി നൽകി. പൊലീസിന് നൽകിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയില്‍ സമ്മതിച്ചു. താന്‍ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയില്‍ പറഞ്ഞു. കേസിൽ പത്തൊമ്പതാം സാക്ഷിയാണ് കാക്കി. കോടതിയിൽ കള്ളം പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു എന്ന് കക്കി കൂട്ടിച്ചേര്‍ത്തു.
കേസിൽ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്. 18,19 സാക്ഷികളായ കാളി മൂപ്പൻ, കക്കി എന്നിവരെയാണ് മണ്ണാർക്കാട് എസ് സി എസ്ടി വിചാരണക്കോടതി വിളിപ്പിച്ചത്. അതേസമയം, 11 കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും. കൂറുമാറിയതിന് വനംവകുപ്പിലെ താത്കാലിക ജോലി നഷ്ടപ്പെട്ടയാളാണ് പതിനെട്ടാം സാക്ഷി കാളി മൂപ്പൻ. മധുവിനെ കുറച്ചുപേർ തടഞ്ഞു നിർത്തി, ഓടിപ്പോകാതിരിക്കാൻ കൂട്ടമായി വളഞ്ഞ്, ഉന്തിത്തള്ളി നടത്തിക്കൊണ്ടുവരുന്നത് കണ്ട് എന്നായിരുന്നു ആദ്യം പൊലീസിന് നൽകിയ മൊഴി. വിചാരണക്കിടെ ഇത് നിഷേധിച്ചാണ് കൂറുമാറിയത്. അജമലയിൽ വച്ച് മധുവിനെ കണ്ടെന്നും വിവരം രണ്ടാം പ്രതിയോട് പറഞ്ഞെന്നുമായിരുന്നു പത്തൊമ്പതാം സാക്ഷി കക്കിയുടെ മൊഴി. ഇത് കോടതിയിൽ കക്കി മാറ്റിപ്പറഞ്ഞിരുന്നു. എന്നാല്‍ ഇത് പ്രതികളെ പേടിച്ചിട്ടാണ് എന്നാണ് കക്കി പറയുന്നത്.
കൂറുമാറിയ സാക്ഷികളെ ഇത് രണ്ടാം തവണയാണ് മധുകേസിൽ വീണ്ടും വിസ്തരിക്കുന്നത്. നേരത്തെ സ്വന്തം ദൃശ്യം ഉൾപ്പെട്ട ഭാഗം പ്രദർശിപ്പിച്ചപ്പോൾ, ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ സുനിൽ കുമാറിനെ കാഴ്ച പരിശോധിപ്പിച്ച ശേഷം കോടതി വിസ്തരിച്ചിരുന്നു. സാക്ഷിക്കെതിരെ നടപടി വേണമെന്ന ഹർജിയിൽ കോടതി ഇതുവരെ തീർപ്പ് പറഞ്ഞിട്ടില്ല. കൂറുമാറിയവർ ഉൾപ്പെടെ ഇന്ന് ആറ് പേരുടെ വിസ്താരമാണ് കോടതി
നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam