മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് അജിതയും അരവിന്ദും? ബന്ധുക്കള്‍ തിരിച്ചറിഞ്ഞെന്ന് സുഹൃത്ത്

By Web TeamFirst Published Nov 8, 2019, 5:50 PM IST
Highlights

കഴിഞ്ഞമാസം 28ന് മഞ്ചിക്കണ്ടി ഉൾവനത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരില്‍ രണ്ടുപേരെ  തിരിച്ചറിയാൻ ദിവസങ്ങളായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. 29ന് കൊല്ലപ്പെട്ട മണിവാസകത്തെയും ആദ്യദിനം മരിച്ച കാർത്തിയെയും മാത്രമാണ് തിരിച്ചറിഞ്ഞത്.

പാലക്കാട്: മഞ്ചിക്കണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രണ്ടുപേർ അജിതയും അരവിന്ദുമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി അരവിന്ദിന്റെ സുഹൃത്ത്. അടുത്ത ദിവസം തന്നെ തമിഴ്നാട്ടിൽ നിന്ന് ഇവരുടെ ബന്ധുക്കൾ കേരളത്തിലെത്തുമെന്നും  കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ സുഹൃത്തായ വിവേക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കഴിഞ്ഞമാസം 28ന് മഞ്ചിക്കണ്ടി ഉൾവനത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മരിച്ചവരില്‍ രണ്ടുപേരെ  തിരിച്ചറിയാൻ ദിവസങ്ങളായിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. 29ന് കൊല്ലപ്പെട്ട മണിവാസകത്തെയും ആദ്യദിനം മരിച്ച കാർത്തിയെയും മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. കൊല്ലപ്പെട്ട സ്ത്രീ കർണാടക സ്വദേശി ശ്രീമതിയും മറ്റൊരാൾ സുരേഷുമാണെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ കർണാടകത്തിൽ നിന്നെത്തിയ നക്സൽവിരുദ്ധ സ്ക്വാഡ് ഈ സാധ്യത തളളിക്കളഞ്ഞു. ഇതോടെ, മരിച്ചത് തമിഴ്നാട് സ്വദേശികളായ രമയും അരവിന്ദുമെന്ന് പൊലീസ് പറഞ്ഞു. രമയെ അന്വേഷിച്ച് ബന്ധുക്കളാരും എത്തിയതുമില്ല. 

പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ നിന്നുമാണ് മരിച്ചത് അരവിന്ദും കന്യാകുമാരി സ്വദേശി അജിതയുമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ചെന്നൈ സ്വദേശിയായ അരവിന്ദ് 10 വർഷത്തിലേറെയായി നാടുമായി ഒരു ബന്ധവുമില്ല. ഇയാൾ നേരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നെന്നും സുഹൃത്തായ വിവേക് പറഞ്ഞു.  അടുത്ത ദിവസം തന്നെ പാലക്കാട്ടെത്തുന്ന ബന്ധുക്കൾ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് മൃതദേഹം ഏറ്റെടുക്കാനുളള നടപടികൾക്ക് തുടക്കമിടും. 

മഞ്ചിക്കണ്ടിയില്‍ നടന്നത് വ്യാജഏറ്റുമുട്ടലാണെന്നും   വിവേക് ആരോപിച്ചു. . മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധമാണ് പൊലീസിന്റെ ആക്രമണമെന്ന് പരാതിയുണ്ട്. മൃതദേഹങ്ങളുടെ ചിത്രം കണ്ടപ്പോൾ  അങ്ങനെയാണ് മനസ്സിലായത്.  തെലങ്കാനയിൽ മാത്രമേ മാവോയിസ്റ്റുകളെ ഈ രീതിയിൽ വെടിവെച്ച് കൊല്ലാറുളളൂ എന്നും വിവേക് പറഞ്ഞു. 
 

click me!