കോതമംഗലത്ത് എസ്ബിഐ എടിഎം കൗണ്ടർ തകർത്ത് പണം തട്ടാൻ ശ്രമം

By Web TeamFirst Published Mar 4, 2019, 2:45 PM IST
Highlights

പുലർച്ചെ നാലേകാലോടെയാണ് പൈങ്ങോട്ടൂർ കവലക്ക് സമീപം പ്രവർത്തിക്കുന്ന എസ്ബിഐ ശാഖയുടെ എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നത്. 

കൊച്ചി: കോതമംഗലത്ത് എടിഎം കൗണ്ടർ തകർത്ത് പണം തട്ടാൻ ശ്രമം. എസ്ബിഐ പൈങ്ങോട്ടൂർ ശാഖയുടെ എടിഎമ്മാണ് തകർക്കാൻ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. 

പുലർച്ചെ നാലേകാലോടെയാണ് പൈങ്ങോട്ടൂർ കവലക്ക് സമീപം പ്രവർത്തിക്കുന്ന എസ്ബിഐ ശാഖയുടെ എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ എടിഎം കൗണ്ടറിന്റെ വാതിൽ തുറന്ന് സിസിടിവി ക്യാമറയിൽ പശ തേച്ചു പിടിപ്പിച്ചു.  

പണം സൂക്ഷിച്ചിരിക്കുന്ന എടിഎം ചെസ്റ്റ് കമ്പിപ്പാര ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ മോഷ്ടാക്കൾ പിന്തിരിയുകയായിരുന്നു. രാവിലെ എടിഎമ്മിലെത്തിയ പ്രദേശ വാസികളാണ് മെഷീൻ തകർത്തത് ആദ്യം കണ്ടത്.

തുടർന്ന് ഇവർ പൊലീസിനെ അറിയിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പി യുടെ  നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് അധികൃതര്‍  നടത്തിയ പരിശോധനയിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. ഫൊറൻസിക് വദഗ്ദ്ധർ എത്തി സംഭവ സ്ഥലത്തു നിന്നും തെളിവുകൾ ശേഖരിച്ചു.

click me!