KSRTC : കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിലെ പീഡനശ്രമം; ഡ്രൈവർക്ക് സസ്പെൻഷൻ

Published : Apr 20, 2022, 01:50 PM ISTUpdated : Apr 20, 2022, 02:23 PM IST
KSRTC : കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസിലെ പീഡനശ്രമം; ഡ്രൈവർക്ക് സസ്പെൻഷൻ

Synopsis

ഡ്രൈവറെ സസ്പെൻഡ്‌ ചെയ്യാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു നിർദേശം നൽകി. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) സൂപ്പർ ഡീലക്സ് ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവർ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. ബംഗ്ളൂരുവിൽ താമസിക്കുന്ന മലയാളി പെൺകുട്ടിയുടെ പരാതിയിലാണ് നടപടി.

കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ഡ്രൈവർ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെൺകുട്ടിയാണ് കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.

പരാതി പ്രകാരമുള്ള സംഭവം ഇങ്ങനെ, ബസിന്റെ ജനൽ പാളി നീക്കാൻ കഴിയാതെ വന്നതോടെ പെൺകുട്ടി ഡ്രൈവർ ഷാജഹാന്റെ സഹായം തേടി. ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാൻ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തിൽ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.

ബെംഗളൂരുവിലെ വീട്ടിലെത്തിയ ശേഷം നടന്ന സംഭങ്ങൾ കാട്ടി പെൺകുട്ടി കെഎസ്ആർടിസി വിജിലൻസിന് ഇമെയിൽ വഴി പരാതി നൽകി. വിജിലൻസ് ഓഫീസർ പരാതി പത്തനംതിട്ട ഡിറ്റിഒക്ക് കൈമാറിയിട്ടുണ്ട്. ഷാജഹാനിൽ നിന്നും ഡിടിഒ വിശദീകരണം തേടി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ഷാജഹാൻ നൽകിയ മറുപടി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷാജഹാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിക്ക് ഗതാഗതമന്ത്രി നിർദ്ദേശം നൽകിയത്. എന്നാല്‍, പിജി വിദ്യാർത്ഥിയായ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

കുറ്റം കൃത്യം നടന്നത് കേരളത്തിന് പുറത്തായതിനാൽ അവിടുത്തെ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകേണ്ടത്. പീഡന പരാതി ആയതിനാൽ പൊലീസിന് കൈമാറണോ എന്നതിൽ വ്യക്തത വരുത്താൻ നിയമോപദേശം തേടിയിരിക്കുകയാണ് കെ എസ്ആർടിസി. ആരോപണ വിധേയനായ ഷാജഹാനെതിരെ മുമ്പും സമാന പരാതികൾ കിട്ടിയിട്ടുണ്ട്. സ്ത്രീകളായ യാത്രക്കാരോട് മോശമായി പെരുമാറിയതിന് സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ നേരിട്ടുണ്ട്.

അതേസമയം, ആരോപണം നിഷേധിച്ച് ഡ്രൈവർ ഷാജഹാൻ രംഗത്തെത്തി. പരാതി കെട്ടിച്ചമച്ചതാണെന്നാണ് ഡ്രൈവർ ഷാജഹാന്റെ വിശദീകരണം. പരാതിയിലുളളത് കള്ളത്തരങ്ങളാണെന്നാണ് ഷാജഹാന്‍ പറയുന്നത്. പരാതിയിൽ പുലർച്ചെ മൂന്ന് മണിക്കാണ് കൃഷ്ണഗിരിയിൽ ബസ് എത്തിയതെന്നാണ് പറയുന്നത്. എന്നാൽ ആറരക്കാണ് ബസ് അവിടെ എത്തിയത്. സ്വകാര്യ ബസ് ലോബിയും രാഷ്ട്രീയ ഉദ്ദേശങ്ങളുമാണ് പരാതിക്ക് പിന്നിലെന്നും ഷാജഹാൻ ആരോപിക്കുന്നു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്