'പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം'; സുധാകരനും മുഖ്യമന്ത്രിയും ഗൂണ്ടകളെന്ന് സമ്മതിച്ചെന്നും വി മുരളീധരൻ

Published : Jun 19, 2021, 03:42 PM ISTUpdated : Jun 19, 2021, 03:43 PM IST
'പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം'; സുധാകരനും മുഖ്യമന്ത്രിയും ഗൂണ്ടകളെന്ന് സമ്മതിച്ചെന്നും വി മുരളീധരൻ

Synopsis

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള വാദപ്രതിവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ. പിണറായിക്കെതിരെ വധ ശ്രമത്തിന് കേസെടുക്കണമെന്ന്  മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. കെ സുധാകരന്റെ വാർത്താ സമ്മേളനത്തിൽ തന്നെ പിണറായി വിജയൻ വെട്ടിയെന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്നാണ് മുരളീധരൻ ആവശ്യപ്പെടുന്നത്.

ഇതിന് സുധാകരൻ തന്നെ മുൻകൈ എടുക്കണം. അതല്ല, മസാല ചേർക്കാനാണ് ഗോപിയെ വാർത്താസമ്മേളനത്തിൽ കൊണ്ടുവന്നതെങ്കിൽ അത് സുധാകരൻ പറയണം. കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡൻറും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു. കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ. മുട്ടിൽ മരംകൊള്ള മറയ്ക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗൂണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂർവവിദ്യാർഥിയെന്ന നിലയിൽ എനിക്ക് പിണറായി വിജയനോടും കെ സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളതെന്നും വി മുരളീധരൻ കുറിക്കുന്നു.

പിണറായിയെ തല്ലിയെന്ന് ഒരു അഭിമുഖത്തിൽ സുധാകരൻ പറഞ്ഞതോടെയാണ് വിവാദത്തിന്റെ തുടക്കം. തുടർന്ന് അതിനുള്ള മറപടിയുമായി മുഖ്യമന്ത്രി എത്തി. മകളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു എന്നതടക്കമുള്ള ഗുരുതര ആരോപണവുമായി വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയ മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരനും എത്തി. തട്ടിക്കൊണ്ടുപോകലടക്കമുള്ള ആരോപണങ്ങൾ തള്ളിയ സുധാകരൻ, ഓഫ് ദ റെക്കോർഡ് പറഞ്ഞ കാര്യങ്ങളാണ് അഭിമുഖത്തിൽ വാർത്തയായതെന്നും പറഞ്ഞു. ഇനി മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയുമോ എന്നതാണ് കാത്തിരിക്കുന്നത്.

മുരളീധരന്റെ കുറിപ്പ്

പിണറായിക്കെതിരെ വധശ്രമത്തിന് കേസെടുക്കണം....
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ വധശ്രമത്തിന് കേസെടുക്കണം....

വെളിപ്പെടുത്തലിൽ ആത്മാർഥതയുണ്ടെങ്കിൽ വലിയമ്പലം ബസാർ സംഭവത്തിൽ എഫ് ഐ ആർ ഇടണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി പോലീസിനോട് ആവശ്യപ്പെടണം....
കെ.സുധാകരൻ തന്നെ ഗോപിയോട് അത് ആവശ്യപ്പെടണം....
വധശ്രമത്തിൽ ( IPC 307) എഫ്ഐആർ ഇടാൻ സമയപരിധി ബാധകമല്ല....

അതല്ല, വാർത്താസമ്മേളനത്തിൽ മസാല ചേർക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരൻ പറയട്ടെ..... ഏതായാലും ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലൂടെ കേരളത്തിന്‍റെ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസിഡൻറും തങ്ങള്‍ ഇരുവരും അടിസ്ഥാനപരമായി ഗൂണ്ടകളും ക്രിമിനലുകളുമാണെന്ന് കേരളത്തോട് ഏറ്റു പറഞ്ഞു.....

 വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പ്രബുദ്ധതയിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് കരുതുന്ന ഒരു സംസ്ഥാനത്തിന്‍റെ ഐഡന്‍റിറ്റിയാണ് പിണറായി വിജയനും കെ.സുധാകരനും തമ്മിലുള്ള പോര്‍വിളികളിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്…

കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ തന്‍റെ കൊലവിളി രാഷ്ട്രീയ ചരിത്രം പറയുന്ന മുഖ്യമന്ത്രിയെയാണോ കേരളം അര്‍ഹിക്കുന്നതെന്ന് ഇവിടുത്തെ ജനം ചിന്തിക്കട്ടെ...അക്രമത്തിന് പരോക്ഷമായി ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷമാണോ വേണ്ടതെന്നും….

ഇപ്പോഴത്തെ ഈ പോര്‍വിളിക്ക് പിന്നിലുള്ള തന്ത്രം വ്യക്തമാണ്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിവിധ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാം......  മുട്ടില്‍ മരംകൊള്ള, കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മോശം സ്ഥിതിയിലാണ് കേരളം, സംസ്ഥാനം സാമ്പത്തികമായി തീരെ മോശം സ്ഥിതിയിലാണ്, ആളുകള്‍ക്ക് കയ്യില്‍ പണമില്ല, ഇത്തരം വിഷയങ്ങളില്‍ നിന്ന്  മാധ്യമശ്രദ്ധതിരിക്കാനുള്ള മികച്ച അടവാണ് ഈ ഒത്തുകളി സംഘത്തിന്‍റേത് ….
മഹത്തായ പാരമ്പര്യമുള്ള ഒരു കലാലയമാണ് തലശേരി ബ്രണ്ണൻ കോളേജ്......

ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗൂണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂർവവിദ്യാർഥിയെന്ന നിലയിൽ എനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളത്…

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ