
തിരുവനന്തപുരം: വൃദ്ധയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പൊലീസുകാരന്റെ ഭാര്യ തന്നെയെന്ന് സ്ഥിരീകരണം. പത്തനംതിട്ട കീഴ് വായ്പൂരിലാണ് സംഭവം നടന്നത്. 61കാരിയായ ലതയെ കയ്യും കാലും കെട്ടിയിട്ട് വീടിനു തീയിടുകയായിരുന്നു. വിദഗ്ദ പരിശോധനയിൽ പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് തീയിട്ടതെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരൻ്റെ ഭാര്യയാണ് സുമയ്യ. സ്വർണാഭരണങ്ങൾ ചോദിച്ചതിൽ നൽകാത്തതിലൂള്ള വിരോധത്തിൽ തീ കൊളുത്തുകയായിരുന്നു. പിന്നീട് ലതയുടെ മാലയും രണ്ടു വളയും കവർന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമയ്യയിലേക്ക് സംശയമുന നീണ്ടത്. സ്വർണം കണ്ടെടുക്കാൻ ഇന്ന് പൊലീസ് ക്വാർട്ടേഴ്സിൽ പരിശോധന നടത്തും. പ്രതി സുമയ്യ പൊലീസ് കസ്റ്റഡിയിൽ മഹിളാ മന്ദിരത്തിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.