ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒരു സ്പെഷ്യൽ ട്രെയിൻ കൂടെ അനുവദിച്ചു, റിസര്‍വേഷന്‍ തുടങ്ങി

By Web TeamFirst Published Aug 30, 2023, 9:01 AM IST
Highlights

അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്നം പരി​ഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവ്വീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു.

കൊച്ചി: എറണാകുളം - ചെന്നൈ റൂട്ടില്‍ ഒരു സ്പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ചു. ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും. അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്നം പരി​ഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവ്വീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു.

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ്സ്, കൊല്ലം തിരുപ്പതി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും കൂടുതൽ സ്റ്റോപ്പുകളും റെയിൽവേ പ്രഖ്യാപിച്ചു. ആഴ്ചയിൽ ഒരു ദിവസം സ്പെഷ്യൽ ട്രെയിനായി ഓടിയിരുന്ന എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ്സ് സ്ഥിര സർവ്വീസാക്കാനാണ് റെയിൽവേയുടെ തീരുമാനം. രണ്ടു ദിവസമാക്കി സർവ്വീസ് കൂട്ടുമെന്ന് റെയിൽവേ അറിയിച്ചതോടെ നിരവധി  തീർത്ഥാടകർക്കാവും പ്രയോജനം കിട്ടുക.

ദക്ഷിണ റെയിൽവേയുടെ നടപടിക്രമം പൂർത്തിയാകുന്നതോടെ തിങ്കൾ, ശനി ദിവസങ്ങളിൽ ഉച്ചയ്ക്കു 12.35ന് എറണാകുളത്തു നിന്ന് പുറപ്പെട്ട്  പിറ്റേദിവസം രാവിലെ 5.50ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാവും സർവ്വീസ്. തിരികെ, ചൊവ്വ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30ന് വേളാങ്കണ്ണിയിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് ഉച്ചയ്ക്കു 12ന് എറണാകുളത്ത് എത്തും. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണു സർവീസ്. പുതുതായി അനുവദിച്ച കൊല്ലം- തിരുപ്പതി എക്സ്‌പ്രസും ആഴ്ചയിൽ രണ്ടു ദിവസമാവും സർവീസ് നടത്തുക.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽ നിന്നും ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തു നിന്നുമായിരിക്കും ഈ ട്രെയിൻ സർവ്വീസ്. കോട്ടയം, തൃശൂർ, പാലക്കാട്, സേലം വഴിയാണു സർവീസ്. പാലക്കാട് തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ് തൂത്തുക്കുടി വരെ നീട്ടി. ഗരീബ് രഥ്‌ എക്സ്പ്രസ്സിനും തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ എക്സ്പ്രസ്സിനും ചങ്ങനാശേരിയിൽ സ്റ്റോപ് അനുവദിക്കാൻ തീരുമാനമായി. മലബാർ എക്സപ്രസിന് പട്ടാമ്പിയിലും സമ്പർക്ക് ക്രാന്തിക്ക് തിരൂരിലും സ്റ്റോപ്പുണ്ടാകും. ദീർഘനാളത്തെ ശ്രമഫലമായിട്ടാണ് കേരളത്തിന് രണ്ടു ട്രെയിനുകൾ കിട്ടിയതെന്ന്   കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞിരുന്നു. 

ഒറ്റനോട്ടത്തിൽ വെറും മാരിലൈറ്റിന്‍റെ ബിസ്കറ്റ് പായ്ക്കറ്റ്; കേരളത്തിൽ തന്നെ ആദ്യം, തുറന്നപ്പോൾ ഞെട്ടി എക്സൈസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!