തൃശ്ശൂരില്‍ അജ്ഞാത ബോട്ടുകള്‍; പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി

By Web TeamFirst Published Aug 25, 2019, 7:02 AM IST
Highlights

കൂരിക്കുഴി കമ്പനിക്കടവിൽ സംശയകരമായി മൂന്ന് ബോട്ടുകൾ കണ്ടെന്നാണ് സൂചന. പൊലീസും ഫിഷറീസ് വകുപ്പും നടത്തിയ തെരച്ചിൽ ഒന്നും കണ്ടെത്താനായില്ല. 

തൃശ്ശൂർ: കടലിൽ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി. കയ്പമംഗലം പൊലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായി നിലയിൽ മൂന്ന് ബോട്ടുകൾ കണ്ടെന്ന് തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് അറിയിച്ചത്. എന്നാൽ തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. 

ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്കോ ബീച്ച് മുതലാണ് ബോട്ടുകൾ കണ്ടത്. കരയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉള്ളിലായിട്ടായിരുന്നു ബോട്ടുകൾ. മത്സ്യത്തൊഴിലാളികൾ നൽകിയ വിവരത്തെ തുടർന്ന് കയ്പമംഗലം പൊലീസും അഴീക്കോട് കോസ്റ്റൽ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടത്തെനായില്ല. ഫിഷറീസ് വകുപ്പിന്റെ ബോട്ട് തെരച്ചിൽ നടത്തുന്നത് കണ്ട് ബോട്ടുകൾ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

രാത്രി പത്തര വരെ തെരച്ചിൽ നടത്തിയെങ്കിലും ഫിഷറീസ് വകുപ്പിന്റെ ബോട്ടിന് അജ്ഞാത ബോട്ടുകളുടെ അടുത്തെത്താനായില്ല. മൂന്ന് ബോട്ടിൽ ഒരെണ്ണം  ലൈറ്റ് ഓഫ് ചെയ്യുകയും പിന്നെ കാണാതാവുകയും ചെയ്തെന്ന് കടലോര ജാഗ്രത സമിതി പ്രവർത്തകർ പറഞ്ഞു. തീവ്രവാദികൾ എത്തിയേക്കുമെന്ന ഭീഷണി നില നിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് തീരദേശം.

click me!