
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറുടെ ധീരതയിൽ 15 വയസുകാരിയുടെ ജീവൻ സുരക്ഷിതം. തിരുവനന്തപുരം ആക്കുളം കായലിൽ ചാടിയ പെൺകുട്ടിയെയാണ് ഓട്ടോറിക്ഷാ ഡ്രൈവർ രക്ഷിച്ചത്. പെൺകുട്ടി കായലിൽ ചാടുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർ പിന്നാലെ കായലിൽ ചാടി പെൺകുട്ടിയെ പിടിച്ച് സുരക്ഷിതയാക്കി. പിന്നീട് തുമ്പ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇരുവരെയും ബോട്ടിൽ കയറ്റി കരക്കെത്തിച്ചു. പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെയും ഓട്ടോറിക്ഷ ഡ്രൈവറുടെയും പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പെൺകുട്ടി കായലിൽ ചാടിയതിൻ്റെ കാരണവും വ്യക്തമായിട്ടില്ല. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് പൊലീസ് പിന്നീട് മൊഴിയെടുക്കും.