
തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്‍ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരണം നൽകിയേക്കും. ഇന്ന് നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായിട്ടാണ് ഇപി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തുന്നത്. അതേസമയം, വിവാദത്തോട് കൂടുതല്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറുകയാണ് ഇപി ജയരാന്‍. ചതി നടന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാണേണ്ട സമയം കാണാമെന്നായിരുന്നു ഇപിയുടെ പ്രതികരണം.
ആത്മകഥ ഉള്ളടക്കം ഇപി ഇതിനകം പരസ്യമായി തള്ളിയിട്ടുണ്ടെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിർണ്ണായക സമയത്ത് വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാർട്ടി വിശദമായി പരിശോധിക്കും. ഇപിക്കെതിരായ നടപടിയോ ഇപിയെ തള്ളിപ്പറയുന്ന നിലപാടോ പാർട്ടി നേതൃത്വം തൽക്കാലം സ്വീകരിക്കാനിടയില്ല.
ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കുന്നു. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam