കെഎസ്ആര്‍ടിസി സമരത്തിനിയെ യാത്രക്കാരന്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

By Web TeamFirst Published Mar 5, 2020, 9:58 PM IST
Highlights

നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കൾ പരാതിപ്പെട്ടാൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കേണ്ടി വരുമെന്ന് പൊലീസ് 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമരത്തിനിടെ യാത്രക്കാരന്‍ മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ യാത്രക്കാരന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പോസ്റ്റുമോർട്ടത്തിന്‍റെ പ്രാഥമിക നിഗമനങ്ങൾ പൊലീസിന് നൽകി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കൾ പരാതിപ്പെട്ടാൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കേണ്ടി വരുമെന്ന് പൊലീസ് പറഞ്ഞു. 

കിഴക്കേകോട്ടയിൽ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് കാച്ചാണി ഇറയങ്കോട് സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണത്.  പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും സമരം മൂലം സുരേന്ദ്രനെ വേഗം തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ സുരേന്ദ്രന്‍ മരിച്ചു. അതേസമയം തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്ക് സർക്കാർ ഒരുങ്ങുകയാണ്. റോഡിൽ ബസ് നിരത്തി ഗതാഗത സ്തംഭനം ഉണ്ടാക്കിയ ജീവനക്കാരുടെ പട്ടിക നൽകാൻ കളക്ടർ പൊലീസിനോട് ആവശ്യപ്പെട്ടു. 

Read More: കെഎസ്ആ‌ർടിസി മിന്നൽ പണിമുടക്കിനിടെ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു...

 

click me!