എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

By Web TeamFirst Published Oct 4, 2019, 7:39 AM IST
Highlights

കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് 7 അംഗ എക്സൈസ് സംഘത്തെ പോലീസ് ചോദ്യം ചെയ്‌തേക്കും. 
 

തൃശ്ശൂർ: പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.രഞ്ജിത്ത് കുമാറിന്‍റെ ശരീരത്തിൽ ക്ഷതങ്ങൾ ഉണ്ടെന്നും ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായാണ് സൂചന. സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. ശരീരത്തിൽ കഴുത്തിലും തലയ്ക്ക് പിറകിലും ആയി12 ഓളം ക്ഷതങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. 

തലയിലെ രക്തസ്രാവം മൂലമാവാം മരണം സംഭവിച്ചതെന്നാണ് നിഗമനം. ശരീരത്തിലെ മറ്റു ഭാഗങ്ങളിലും രക്തസ്രാവമുണ്ടായിട്ടുണ്ട്. പേശികളിൽ ക്ഷതമുള്ളതിനാൽ കൈകൾ പിറകിലേക്ക് വലിച്ച് മർദ്ദിച്ചിട്ടുണ്ടോ എന്നും സംശയിക്കുന്നു. റിപ്പോർട്ട് 11 മണിയോടെ പാവറട്ടി പൊലീസിന് കൈമാറും. കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ടെന്ന് വ്യക്തമായാൽ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത് 7 അംഗ എക്സൈസ് സംഘത്തെ പൊലീസ് ചോദ്യം ചെയ്‌തേക്കും. 

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് എക്സൈസ് സംഘം രഞ്ജിത്തിനെ  രണ്ടുകിലോ കഞ്ചാവുമായി ഗുരുവായൂരിൽ വച്ച് പിടികൂടിയത്. നാലരയോടെ പാവറട്ടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ചിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാന്‍ പ്രതി ശ്രമിച്ചിരുന്നെന്നും നേരത്തെ എക്സൈസ് ഉദ്യോഗസ്ഥർ വിശദീകരിച്ചിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ്. മർദ്ദനം വ്യക്തതമായൽ കൊലക്കുറ്റമാകും. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്ന് അഡിഷണൽ എക്സൈസ് കമ്മിഷണർ സാം ക്രിസ്ടി ഡാനിയേൽ ആണ് അന്വേഷിക്കുന്നത് .

click me!