അയോധ്യ വിധി: കേരളത്തിലും ജാഗ്രത, കാസര്‍കോട് ചില മേഖലകളില്‍ നിരോധനാജ്ഞ

Published : Nov 08, 2019, 11:44 PM IST
അയോധ്യ വിധി: കേരളത്തിലും ജാഗ്രത, കാസര്‍കോട് ചില മേഖലകളില്‍ നിരോധനാജ്ഞ

Synopsis

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 11-ാം തീയതി വരെ നിരോധനാജ്ഞ തുടരും. അയോധ്യ വിധി ശനിയാഴ്ച വരാനിരിക്കേ, കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍കോട്: അയോധ്യക്കേസില്‍ ശനിയാഴ്ച വിധി വരുന്ന പശ്ചാത്തലത്തില്‍ കേരളവും കനത്ത ജാഗ്രതയില്‍. മുന്‍കരുതല്‍ എന്ന നിലയില്‍ കാസര്‍കോട് ചില മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞയുള്ളത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുർഗ്, ചന്ദേര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ. 11-ാം തീയതി വരെ നിരോധനാജ്ഞ തുടരും.

അയോധ്യ വിധി ശനിയാഴ്ച വരാനിരിക്കേ, കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിപിയും ഗവർണറെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ചും സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളെക്കുറിച്ചും ഡിജിപി ഗവര്‍ണറെ അറിയിച്ചു. 

എസ്പിമാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡിജിപി എസ്പിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. സംസ്ഥാനത്തും നവ മാധ്യമങ്ങൾ നിരീക്ഷണ വിധേയമായിരിക്കും. കരുതൽ തടങ്കലുകൾക്കും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും പരിശോധന നടത്തും.  

അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള  ആ പ്രതികരണം.

വിധി എന്തായാലും സമാധാനപരമായി അതിനെ  സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയ്യാറാകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അയോധ്യ കേസില്‍ ശനിയാഴ്ച വിധി പറയുക. അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ പത്തരയ്ക്ക് വിധി പ്രസ്താവം ഉണ്ടാകുമെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്