പൊട്ടിയ ചട്ടി, പട്ട്, കരിഞ്ഞ തിരി, തേങ്ങ: കൂടോത്രമെന്ന് പരാതി; കേസെടുക്കുന്നതിൽ കുഴങ്ങി ചേവായൂർ പൊലീസ്

By Web TeamFirst Published Jan 23, 2023, 6:46 PM IST
Highlights

ചേവായൂരിലെ ആയൂർവേദ കടയുടമ വേലായുധനാണ് വ്യത്യസ്തമായ പരാതിയുമായി പൊലീസിനെ സമീപിച്ചത്

കോഴിക്കോട്: ചേവായൂരിൽ കച്ചവടം മുടക്കാൻ കൂടോത്രം ചെയ്തതായി പൊലീസിൽ പരാതി. ചേവായൂരിലെ ആയൂർവേദ കടയുടമ വേലായുധനാണ് വ്യത്യസ്തമായ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൂടോത്രമെന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിൽ കടയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട സാധനങ്ങളാണ് ഈ പരാതിക്ക് കാരണം. എന്നാൽ കൂടോത്ര പരാതിയില്‍ ഏത് വകുപ്പില്‍ കേസ്സെടുക്കുമെന്ന ആശയ കുഴപ്പത്തിലാണ് പൊലീസ്. 

കൂടോത്രത്തെ കുറിച്ചാണ് ചേവായൂർ അങ്ങാടിയിലെ ഇപ്പോഴത്തെ സംസാരം. വേലായുധന്റെ ആയുർവേദ കടക്ക് മുന്നിൽ പൊട്ടിയ മൺകലം, ചുവന്ന പട്ട്, ഉടക്കാൻ വെച്ച നാളികേരം, പാതി കത്തിച്ച തിരി എന്നിവ കണ്ടതാണ് ഈ ചർച്ചയ്ക്ക് വഴിതിരിച്ചത്.. കണ്ടു ശീലിച്ച കൂടോത്ര കാഴ്ചകളുള്ളതായിരുന്നു ഇത്. ഡിജിറ്റൽ യുഗത്തിലും ശത്രു സംഹാരത്തിന് കൂടോത്രത്തിൽ വിശ്വാസം കാക്കുന്നതാരാണെന്ന് വേലായുധന് അറിയില്ല. ആഭിചാര വിശ്വാസിയുമല്ല വേലായുധൻ. എന്നാല്‍ തന്‍റെ കടക്ക് മുന്നിലെ അതിക്രമം പൊറുക്കില്ലെന്നും അതിനാൽ പൊലീസിൽ പരാതി നൽകിയെന്നുമാണ് വേലായുധന്റെ ഭാഗം.

കൂടോത്ര പരാതി കിട്ടിയപ്പോൾ തന്നെ മെഡിക്കല്‍ കോളേജ് പൊലീസ് ചേവായൂരിലെത്തി. കടയും പരിസരവും പരിശോധിച്ചു. ഉടമയില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവരങ്ങൾ തേടി. ശത്രുക്കള്‍ ആരും ഇല്ലെന്നാണ് വേലായുധന്‍റെ മൊഴി. പിന്നെ ആരാണ്, എന്തിനാണ് ഇക്കാലത്തും അന്ധവിശ്വാസം പ്രരിപ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും ഇദ്ദേഹം ചോദിക്കുന്നു. പൊലീസ് അത് അന്വേഷിച്ച് കണ്ടെത്തണമെന്നാണ് വേലായുധനൊപ്പം നാട്ടുകാരും ആവശ്യപ്പെടുന്നത്.

click me!