
തൃശ്ശൂർ: കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിൽ, അതിനു നടുവിൽ പാറ പോലെ ഉറച്ച് നിൽക്കുന്ന ഒരു കുഞ്ഞൻ ഷെഡ്. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സ്റ്റാറായിക്കൊണ്ടിരിക്കുന്നത് ഈ ഓലപ്പുരയാണ്. ദൂരെയൊന്നുമല്ല. ഇവിടെ, ഇങ്ങ് നമ്മുടെ തൃശൂരിൽ. ദിവസങ്ങളായുള്ള കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞും കലങ്ങിമറിഞ്ഞും പിടി തരാതെ ഒഴുകിക്കൊണ്ടിരിക്കുകയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം(Athirappilly Falls) ഇതിനിടയിലാണ് പാറപ്പുറത്ത് തലയുയർത്തി ഒരു കുലുക്കവുമില്ലാതെ ഈ ഷെഡിന്റെ നിൽപ്പ്.
ശക്തമായ ഒഴുക്കിൽ മരച്ചില്ലകളും തടികളും വരെ ഒഴുകിപ്പോകുമ്പോഴും ഈറ്റയോല കൊണ്ടുണ്ടാക്കിയ ഈ ഷെഡിന് ഭാവമാറ്റമില്ല. ഇതിലും വലിയ വെള്ളപ്പാച്ചിലൊക്കെ നമ്മൾ കണ്ടതാണെന്ന ഭാവത്തിൽ തലയുയർത്തിതന്നെ നിൽക്കുകയാണ് കക്ഷി. വിനോദ സഞ്ചാരികൾ പുഴയിലേക്കിറങ്ങി അപകടങ്ങൾ ഉണ്ടാകുന്നതു തടയാൻ നിയോഗിച്ചിട്ടുള്ള വനസംരക്ഷണ സമിതി അംഗങ്ങൾക്ക് വിശ്രമിക്കുന്നതിന് വേണ്ടിയാണ് ഈ ഷെഡ് നിർമ്മിച്ചിട്ടുള്ളത്.
സിമന്‍റ്, കമ്പി, പൈപ്പുകൾ തുടങ്ങിയവായൊന്നും ഉപയോഗിച്ചിട്ടില്ലെന്നതുതന്നെയാണ് ഈ ഷെഡിന്റെ പ്രത്യേകത. കാട്ടുമൂലകൾ, ഈറ്റ തടിക്കഷ്ണങ്ങൾ എന്നിവ കൊണ്ടാണ് മേൽക്കൂരയുടെയും ബേസ്മെന്റിന്റെയും എല്ലാം നിർമ്മാണം. പത്ത് തൂണുകളാണ് ഷെഡ്ഡിനുള്ളത്. ഇതിൽ മൂന്നെണ്ണം പാറകളുടെ ഇടയിലേക്ക് ഇറക്കിവച്ചിരിക്കുകയാണ്. 2018-ലെ പ്രളയത്തിൽ ഈ ഷെഡ്ഡ് പൂർണമായും മുങ്ങിയിരുന്നു.
വലിയ മരങ്ങൾ വന്നിടിച്ചെങ്കിലും ഷെഡ്ഡിന് കാര്യമായി തകരാറുകൾ പറ്റിയിരുന്നില്ല. പ്രളയശേഷം മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തി. കാലുകളിൽ ചിലത് കോൺക്രീറ്റ് ഇട്ട് ഉറപ്പിക്കുകയും ചെയ്തു. ഏതായാലും പാലാരിവട്ടം പാലം നിർമ്മിക്കാൻ ഇതുണ്ടാക്കിയവരെ വിളിച്ചാൽ മതിയായിരുന്നുവെന്നാണ് ട്രോളന്മാർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam