
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ബൈജു കാളക്കണ്ടി മത്സരിക്കും. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനെ തുടർന്ന് വിഎം വിനുവിന് മത്സരിക്കാൻ സാധിക്കാത്തതിനാലാണ് ബൈജു കാളക്കണ്ടി സ്ഥാനാർത്ഥിയാകുന്നത്. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. തുടര്‍ന്നാണ് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് കൂടിയായ ബൈജുവിലേക്ക് ഡിസിസി നേതൃത്വം എത്തിയത്. ഇന്ന് ബൈജു പ്രചരണം തുടങ്ങും. വിനു മത്സരിക്കാത്തതിൽ വലിയ വിഷമമുണ്ടെന്നും കോണ്‍ഗ്രസിന്‍റെ പ്രചാരണ പരിപാടികളിൽ അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുമെന്നും നേതൃത്വം അറിയിച്ചു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ പ്രചാരണം നടത്തുമെന്നാണ് സ്ഥാനാർഥി പറയുന്നത്. കല്ലായിയിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും സ്ഥാനാർഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.