ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹതയേറുന്നു; പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

By Web TeamFirst Published Jun 8, 2019, 7:01 AM IST
Highlights

വയലിനിസ്റ്റ് ബാലഭാസ്ക്കറിൻറെ മരണത്തിലെ ദുരൂഹതയേറുന്നു. മൊഴിമാറ്റം ഭീഷണി ഭയന്നാകാമെന്ന് ബാലഭാസ്കറിന്റെ അച്ഛനും അപകട സ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവൻ സോബിയും ന്യൂസ് അവറിൽ പറഞ്ഞു.

തിരുവനന്തപുരം: സ്വർണകടത്തുകേസിൽ കാക്കനാട് ജയിലിൽ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ബാലുവിന്‍റെ അപകട മരണത്തില്‍ ദുരൂഹതയേറുകയാണ്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണിയും അപകട സ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവൻ സോബിയും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.

ഡിആർഐയുടെ കസ്റ്റഡിയിലുള്ള പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎസ്പി ഹരികൃഷ്ണൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാൻ കോടതി അനുമതി നൽകിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ സിസിടിവി പരിശോധിച്ചത് എന്തിന്, ബാലഭാസ്കറുമായുള്ള സാമ്പത്തിക ബന്ധം, ബാലഭാസ്കറിന്റെ മരണശേഷം മൊബൈൽ ഫോൺ ക്രെഡിറ്റ് കാർഡ് എന്നിവ ആരാണ് കൈകാര്യം ചെയ്തത് എന്നത് സംബന്ധിച്ചാകും പ്രകാശ് തമ്പിയിൽ നിന്ന് മൊഴിയെടുക്കുക. 

അതേസമയം നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ ആരും കൊണ്ടുപോയിട്ടില്ലെന്ന് കൊല്ലത്തെ ജൂസ് കടക്കാരൻ മൊഴിമാറ്റിയത് ആരെയോ പോടിച്ചിട്ടാകാം എന്നാണ് ബാലഭാസ്കറിന്റെ അച്ഛൻ കെ സി ഉണ്ണി പറയുന്നത്. ഈ ദൃശ്യങ്ങൾ പ്രകാശ് തമ്പി കൊണ്ടുപോയി എന്നായിരുന്നു ക്രൈംബ്രാഞ്ചിനോട് ജൂസ് കടക്കാരൻ ഷംനാദ് ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നില്‍ ഇയാള്‍ നിലപാട് മാറ്റുകയായിരുന്നു. 

അതേസമയം, അപകടം നടന്ന പള്ളിപ്പുറത്തെ സ്ഥലം ഒരുകൂട്ടം ആളുകളുടെ നിയന്ത്രണത്തിലായിരുന്നു എന്ന് കലാഭവൻ സോബി പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് പേർ ദുരൂഹസാഹചര്യത്തിൽ ഓടി പോകുന്നത് കണ്ടു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയ സാക്ഷിയാണ് സോബി. അതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. 

click me!